| Thursday, 8th June 2023, 1:30 pm

'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്' ഇന്ററസ്റ്റിങ്ങാക്കിയാലോ; ആകാംക്ഷയുണര്‍ത്തി ഹോംബാലെയുടെ ധൂമം ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി കെ.ജി.എഫ്, കാന്താര എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം.

തിയേറ്ററുകളില്‍ ഷോയ്ക്ക് മുമ്പ് കാണിക്കുന്ന പുകവലിക്കെതിരായ പരസ്യം കാണാന്‍ കൂടുതല്‍ താല്‍പര്യം തോന്നുന്ന രീതിയിലായാലോ എന്ന് ചോദിക്കുന്ന ഫഹദിലാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്. തുടര്‍ന്ന ഉദ്വേഗജനകമായ നിമിഷങ്ങളാണ് കാണുന്നത്.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനു ശേഷം ഫഹദും അപര്‍ണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം. റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റേത് ആയി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്ന കുറിപ്പോടെയാണ് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ധൂമം’ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

കന്നടയില്‍ യൂ-ടേണ്‍, ലൂസിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പവന്‍കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ധൂമം’. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലറാണ് ധൂമം.

പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് -സുരേഷ് അറുമുഖന്‍. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്‌മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, ആര്‍ട്ട് -അനീസ് നാടോടി, കോസ്റ്റ്യൂം -പൂര്‍ണിമ രാമസ്വാമി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍ -കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ -ചേതന്‍ ഡിസൂസ, ഫാഷന്‍ സ്‌റ്റൈലിസ്റ്റ് -ജോഹ കബീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകാന്ത് പുപ്പല, സ്‌ക്രിപ്റ്റ് അഡ്‌വൈസര്‍ -ജോസ്‌മോന്‍ ജോര്‍ജ്, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് & സ്ട്രാറ്റജി- ഒബ്സ്‌ക്യുറ, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് -ബിനു ബ്രിങ് ഫോര്‍ത്ത്.

Content Highlight: dhoomam movie trailer

We use cookies to give you the best possible experience. Learn more