ഇന്‍ഡോര്‍: ഇന്ത്യയുടെ മിക്ക വിജയങ്ങള്‍ക്കും പിന്നിലെ ആ മനുഷ്യനുണ്ടാകും. ധോണി. എത്ര പ്രശംസിച്ചാലും മതിയാകില്ല. ഓരോ മത്സരവും കഴിയുന്തോറും അയാള്‍ കൂടുതല്‍ കൂടുതല്‍ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20 യില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അതില്‍ ധോണിയുടെ മുദ്ര പതിഞ്ഞിട്ടുണ്ടായിരുന്നു.
മിന്നല്‍ വേഗത്തിലുള്ള രണ്ട് സ്റ്റമ്പിംഗുകള്‍ കൊണ്ടാണ് ഇന്ന് ധോണി ആരാധകരെ ഞെട്ടിച്ചത്. ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളായ കുല്‍ദീപ് യാദവിന്റേയും ചാഹലിന്റേയും അടുത്തടുത്ത ഓവറുകളിലായിരുന്നു ധോണിയുടെ സ്റ്റമ്പിംഗുകള്‍ കണ്ടത്.
കുല്‍ദീപിന്റെ പന്തില്‍ ലങ്കന്‍ താരത്തെ പുറത്താക്കിയത് അസാമാന്യ വേഗത കൊണ്ടായിരുന്നു. ക്രീസ് വിട്ട് പുറത്തിറങ്ങിയെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ക്രീസില്‍ നിന്നും പുറത്താണെന്ന് പലവട്ടം റിപ്ലേ കണ്ടിട്ടാണ് തേര്‍ഡ് അമ്പയര്‍ വിധിച്ചത്. രണ്ടാമത്തേത് പക്ഷെ കൂറേ കൂടെ എളുപ്പമായിരുന്നുവെങ്കിലും ധോണിയുടെ വേഗത അമ്പരപ്പിക്കുന്നതായിരുന്നു.
അതേസമയം. രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ വിജയം 88 റണ്‍സിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.
ഉപുല്‍ തരംഗയും കുസല്‍ പെരേരയും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ലങ്കയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളായ ചാഹലും കുല്‍ദീപും ചേര്‍ന്ന് ആ മോഹങ്ങളെ തല്ലി കെടുത്തുകയായിരുന്നു. തരംഗ 47 റണ്‍സ് നേടിയപ്പോള്‍ പെരേര 77 റണ്‍സ് നേടി. എന്നാല്‍ ഒരോവറില്‍ മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപിനും നാല് ലങ്കന്‍ താരങ്ങളെ പുറത്താക്കിയ ചാഹലും ചേര്‍ന്ന് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ധ സെഞ്ച്വറി നേടിയ രാഹുലിന്റെയും മികവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിരുന്നു.