ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത് മുതല്‍ ആരംഭിച്ചതാണ് എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍. നിരവധി റിപ്പോര്‍ട്ടുകള്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞെങ്കിലും ധോണി ഇക്കാര്യത്തില്‍ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ധോണി വിരമിച്ച് കഴിഞ്ഞാല്‍ ബി.ജെ.പിയില്‍ ചേരുമെന്നും സജീവ പ്രവര്‍ത്തനം നടത്തുമെന്നും ഒരു ബി.ജെ.പി നേതാവ് പറഞ്ഞതോടെ കുറച്ച് ദിവസം അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ച. എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചര്‍ച്ചയിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്.
ധോണിയുടെ മാനേജര്‍ നടത്തിയ പരാമര്‍ശമാണ് ചര്‍ച്ച ഉണ്ടാക്കിയത്. വിരമിക്കലിന് ശേഷം സൈനിക വൃത്തിയിലേക്ക് മാറാനും സജീവമായി പങ്കെടുക്കാനുമാണ് ധോണി ആഗ്രഹിക്കുന്നത് എന്ന തരത്തിലായിരുന്നു മാനേജരുടെ പ്രതികരണം. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്.
നിലവില്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റ്‌നന്റ് കേണലാണ് ധോണി. ലോകകപ്പില്‍ ധോണി കീപ്പിംഗ് ഗ്ലൗവില്‍ സൈനിക ചിഹ്നം ഉപയോഗിച്ചത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.