'കിരീടത്തേക്കാള്‍ വലുത് എനിക്ക് നീയല്ലേ'; ടീമംഗങ്ങള്‍ കിരീടവുമായി ആഘോഷിക്കുമ്പോള്‍ സിവയെ കൊഞ്ചിച്ച് ധോണി, വീഡിയോ
ipl 2018
'കിരീടത്തേക്കാള്‍ വലുത് എനിക്ക് നീയല്ലേ'; ടീമംഗങ്ങള്‍ കിരീടവുമായി ആഘോഷിക്കുമ്പോള്‍ സിവയെ കൊഞ്ചിച്ച് ധോണി, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th May 2018, 10:27 am

മുംബൈ: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ കിരീടനേട്ടത്തോടെയാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമും സീസണിലെ മികച്ച ക്യാപ്റ്റന്‍മാരും മുഖാമുഖം വന്ന പോരാട്ടത്തില്‍ അവസാനചിരി മഹേന്ദ്രസിംഗ് ധോണിയുടേതായിരുന്നു.

രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് നേടിയ കിരീടം ടീമംഗങ്ങള്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. വാട്‌സണും ബ്രാവോയും എന്‍ഗിഡിയുമെല്ലാം ക്യാമറയ്ക്ക് മുന്നില്‍ ഡാന്‍സ് പ്രകടനവുമായി തകര്‍ക്കുകയായിരുന്നു.

എന്നാല്‍ നായകന്‍ ധോണി തന്റെ മകള്‍ സിവയോടൊപ്പമായിരുന്നു കിരീടനേട്ടം ആഘോഷിച്ചിരുന്നത്. ടീമംഗങ്ങള്‍ കിരീടവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പിറകില്‍ കുഞ്ഞുസിവയെ എടുത്തുയര്‍ത്തിയും പതുക്കെ താളം ചവിട്ടിയുമായിരുന്നു ധോണിയുടെ ആഘോഷം.

ആവേശകരമായ കലാശപ്പോരാട്ടത്തില്‍ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ചെന്നൈ നേടിയത്. ഷെയിന്‍ വാട്സണ്‍ പുറത്താകാതെ നേടിയ 117 റണ്‍സിന്റെ ബലത്തിലാണ് ചെന്നൈ ഹൈദരാബാദ് നല്‍കിയ 179 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്. ഇത് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മൂന്നാം ഐ.പി.എല്‍ കിരീടമാണ്.

51 പന്തില്‍ നിന്ന് 8 സിക്സും 7 ഫോറുമായാണ് വാട്സണ്‍ സെഞ്ച്വുറി തികച്ചത്. 179 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് വാട്സണും റെയ്‌നയും ചേര്‍ന്ന് നല്‍കിയത്. ഹൈദരാബാദ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു കയറ്റിയാണ് ചെന്നൈ മുന്നേറിയത്.

 

ഐ.പി.എല്‍ കലാശപ്പോരില്‍ ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ജയിക്കാന്‍ 179 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നാലാമതായിറങ്ങിയ യൂസഫ് പത്താന്റെയും ബ്രാത്വൈറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദിന് രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അഞ്ചു റണ്‍സെടുത്ത ഗോസ്വാമിയെയാണ് കിരണ്‍ ശര്‍മ്മ റണ്‍ഔട്ടിലൂടെ പുറത്താക്കിയത്. തുടര്‍ന്ന് 9-ാം ഓവറില്‍ 26 റണ്ണെടുത്ത ശിഖര്‍ ധവാനും പുറത്താവുകയായിരുന്നു. രവീന്ദ്ര ജഡേജ സ്റ്റംബ് തെറിപ്പിച്ചായിരുന്നു ധവാനെ പറഞ്ഞയച്ചത്. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ 36 പന്തില്‍ 47 റണ്‍ എടുത്തു. 15 പന്തില്‍ 26 റണ്‍ എടുത്ത ഷാകിബ് അല്‍ ഹസനും വില്ല്യംസണ് മികച്ച പിന്തുണ നല്‍കി.