ധോണിക്കെതിരെ യുവിയുടെ പിതാവ് പലതവണ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും ടീമംഗം യുവരാജ് സിങ്ങും തമ്മില്‍ ശത്രുതയിലാണെന്നായിരുന്നു ക്രിക്കറ്റ് ലോകത്തെ സംസാരം. ധോണിക്കെതിരെ യുവിയുടെ പിതാവ് പലതവണ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്ക് ഇടം കൊടുക്കാത്ത യുവരാജ് പിതാവിന്റെ രോഷപ്രകടനത്തെ ഒരു സാധരണ പിതാവിന്റെ രോഷപ്രകടനമായി മാത്രം കാണണമെന്നാവശ്യപ്പെട്ട് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ അന്നു ശ്രമിച്ചിരുന്നു.
Also read നാരദാ ന്യൂസ് മേധാവി മാത്യു സാമുവലില്‍ നിന്ന് വധഭീഷണിയെന്ന് മാധ്യമപ്രവര്‍ത്തകന്‍
2013ല്‍ അവസാനമായി ഏകദിനം കളിച്ച യുവി ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നു ഒഴിഞ്ഞതിനു പിന്നാലെ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ധോണിയുടെ പിന്മാറ്റമാണ് ഇതിനു വഴിതെളിയിച്ചതെന്നു ചിന്തിക്കുന്നവരും ഏറെയായിരുന്നു.എന്നാല്‍ തങ്ങള്‍ക്കിടയില്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന സന്നാഹ മത്സരത്തിനു ശേഷം യുവി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ.
ധോണിയുടെ തോളില്‍ കൈയ്യിട്ടു നിര്‍ത്തി ക്യാപ്റ്റന്‍സിയുടെ നേട്ടങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന യുവി മുന്‍ നായകനെ ഇന്റര്‍വ്യൂ ചെയ്യുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിയുന്നത്. ധോണി സഹതാരങ്ങളുടെ പിന്തുണയെ കുറിച്ച് പറഞ്ഞു കഴിയുമ്പോള്‍ കീരീട നേട്ടങ്ങളെ പുകഴ്ത്തി യുവരാജ് സംസാരിക്കുകയാണ്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ധോണി ട്വന്റി 20 ലോകകപ്പിലെ യുവിയുടെ ആറു സിക്‌സുകളുടെ കാഴ്ചക്കാരനായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നതിനെ കുറിച്ച് ഓര്‍മ്മിക്കുന്നു.
“ഒരുപാട് നന്ദിയുണ്ട് ഒരു ഓവറില്‍ ആറു സിക്‌സുകള്‍ക്ക് ഞാന്‍ സാക്ഷിയായത് ഏറ്റവും മികച്ച സീറ്റിലിരുന്നാണ്. ഒരു ക്യാപ്റ്റന് സഹതാരത്തില്‍ നിന്ന് ഇതിനപ്പുറം എന്താണ് വേണ്ടത്” എന്നായിരുന്നു ധോണിയുടെ കമന്റ്.
ക്യാപ്റ്റനല്ലാത്ത ധോണി പഴയകാലത്തെപ്പോലെ കൂടുതല്‍ സിക്‌സറുകള്‍ പറത്തുമോ എന്ന ചോദ്യത്തിന് അനുകൂല സാഹചര്യം വന്നാല്‍ തീര്‍ച്ചയായും എന്നായിരുന്നു മുന്‍ നായകന്റെ മറുപടി.