ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും കിരീട നേട്ടം തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. ജാര്‍ഖണ്ഡ് സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലാണ് ധോണി കിരീടം നേടിയിരിക്കുന്നത്.
ഡബിള്‍സ് ഇനത്തില്‍ സുമിത് കുമാര്‍ ബജാജിനൊപ്പമായിരുന്നു ധോണി കിരീടം സ്വന്തമാക്കിയത്. മൂന്നാം വര്‍ഷമാണ് ഇവര്‍ ഈ ഇവന്റില്‍ ചാമ്പ്യന്‍മാരാവുന്നത്.
2018, 2019, 2022 വര്‍ഷങ്ങളില്‍ ഇവര്‍ കിരീടം നേടിയിരുന്നു. ഇരുവരും വിന്നിങ് ട്രോഫി ഉയര്‍ത്തിനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് താരത്തിന്റെ പാര്‍ട്‌നര്‍ സുമിത് കുമാര്‍ ബജാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.
കനയ്യ – രോഹിത് ജോഡിയെ തോല്‍പിച്ചുകൊണ്ടായിരുന്നു ധോണി- ബജാജ് സഖ്യം കിരീടം നേടിയത്.
അതേസമയം, വരാനിരിക്കുന്ന ഐ.പി.എല്ലായിരിക്കും ധോണിയുടെ പ്രധാന ലക്ഷ്യം. 2023ലേത് ഒരുപക്ഷേ താരത്തിന്റെ അവസാന ഐ.പി.എല്‍ ആകാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്.
കഴിഞ്ഞ സീസണില്‍ കാഴ്ചവെച്ച മോശം പ്രകടനത്തിന് പിന്നാലെ ടീമിന് ഏറെ പഴി കേട്ടിരുന്നു. ധോണിക്ക് പകരം രവീന്ദ്ര ജഡേജയായിരുന്നു ടീമിനെ നയിച്ചത്.
എന്നാല്‍ ടീമിന്റെ പതനത്തിന് പിന്നാലെ താരം ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുകയും ധോണി വീണ്ടും നായക സ്ഥാനത്തേക്കെത്തുകയുമായിരുന്നു.
ഒടുവില്‍ 14 മത്സരത്തില്‍ നിന്നും പത്ത് തോല്‍വിയും നാല് ജയവുമായി പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിന് തൊട്ടുമുകളിലായിട്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണ്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് പകരം വീട്ടാനും തന്റെ അവസാന സീസണില്‍ ടീമിനെ ഒരിക്കല്‍ക്കൂടി കിരീടം ചൂടിക്കാനുമാകും ധോണി ഇറങ്ങുന്നത്.
ഇതിന് പുറമെ താരം ബി.സി.സി.ഐയുടെ എക്‌സ്‌പേര്‍ട്ട് പാനലില്‍ ഇടം നേടുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
Content highlight: Dhoni wins doubles event in Jharkhand Tennis Championship