| Saturday, 15th January 2022, 5:12 pm

നായകസ്ഥാനത്ത് നിന്നും ധോണി തെറിക്കുമോ; പുതിയ സീസണില്‍ ചെന്നൈയിറങ്ങുക പുതിയ നായകന് കീഴിലെന്ന് റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണിന്റെ ആവേശത്തിലാണ് ടീമുകളും ആരാധകരും. മെഗാ താരലേലമടക്കം ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി എലമന്റ്‌സുമായാണ് ഇത്തവണ ടൂര്‍ണമെന്റെത്തുന്നത്.

കന്നിയങ്കത്തില്‍ തന്നെ കിരീടം ലക്ഷ്യമിട്ടാണ് അഹമ്മദാബാദും ലഖ്‌നൗവും കളത്തിലിറങ്ങുന്നത്. ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കളി തുടങ്ങിയിട്ടും കിരീടം നേടാനായില്ല എന്ന ചീത്തപ്പേര് തീര്‍ക്കാന്‍ ബെംഗളൂരുവും ദല്‍ഹിയും പഞ്ചാബും കച്ചകെട്ടിയിറങ്ങുമ്പോള്‍ കിരീടം നിലനിര്‍ത്തണമെന്ന വാശിയോടെയാണ് തലയുടെ ചെന്നൈ പോരിനിറങ്ങുന്നത്.

എന്നാല്‍, ചെന്നൈ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് സി.എസ്.കെ ക്യാമ്പില്‍ നിന്നും പുറത്ത് വരുന്നത്. ഐ.പി.എല്ലിന്റെ പുതിയ പതിപ്പില്‍ തല ധോണി നായകസ്ഥാനത്ത് നിന്നും മാറിയേക്കുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ടൂര്‍ണമെന്റ് ആരംഭിച്ച 2008 മുതല്‍ ധോണിയായിരുന്നു സി.എസ്.കെയുടെ നായകന്‍. വാതുവെപ്പു വിവാദത്തിന്റെ പേരില്‍ നേരിട്ട വിലക്കിന് ശേഷം തിരികെയെത്തിയ ടീമിനെ ധോണി തന്നെയായിരുന്നു നയിച്ചിരുന്നത്.

മൂന്ന് തവണയാണ് ധോണിക്ക് കീഴില്‍ ചെന്നൈ കപ്പുയര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ സീസണിലും ടീം കപ്പുയര്‍ത്തിയത് ധോണിയുടെ പരിചയസമ്പത്ത് കൂടിയുള്ളതുകൊണ്ട് മാത്രമാണ്.

എന്നാല്‍ പുതിയ സീസണില്‍ നായകനെ മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിന്റെ ഭാവിയെ കരുതിയാണ് തങ്ങള്‍ നീങ്ങുന്നത് എന്നായിരുന്നു നേരത്തേ ധോണിയും ടീം മാനേജുമെന്റും വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ പുതിയ നായകനാവും 2022ല്‍ ടീമിനെ നയിക്കുക.

നായകസ്ഥാനത്ത് നിന്നും ധോണി മാറിനില്‍ക്കുന്നതോടെ ഇനിയാര് എന്ന ചോദ്യത്തിന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയിലേക്കാണ് മാനേജ്‌മെന്റ് വിരല്‍ ചൂണ്ടുന്നതെന്നാണ് വിവരം. സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയ പ്രധാന താരങ്ങളില്‍ ഒരാളാണ് ജഡേജ.

ധോണിക്കും ജഡ്ഡുവിനും പുറമെ യംഗ് ബാറ്റിംഗ് സെന്‍സേഷന്‍ ഋതുരാജ് ഗെയ്ക്‌വാദിനേയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊഈന്‍ അലിയെയുമാണ് ടീം നിലനിര്‍ത്തിയിട്ടുള്ളത്.

IPLT20.com - Indian Premier League Official Website

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dhoni to stepdown from the captaincy of Chennai Super Kings in IPL 2022

We use cookies to give you the best possible experience. Learn more