| Wednesday, 12th April 2023, 6:02 pm

സഞ്ജുവിനെതിരെ ഇരട്ട സെഞ്ച്വറി ഉറപ്പിച്ച് ധോണി; പുതുചരിത്രം കുറിക്കാനൊരുങ്ങി ചെന്നൈ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 17ാം മത്സരത്തിനാണ് ചെപ്പോക്കിലെ ചിദംബരം സ്‌റ്റേഡിയം സാക്ഷിയാകാനൊരുങ്ങുന്നത്. മത്സരത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉദ്ഘാടന ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ഈ മത്സരത്തിനിറങ്ങുന്നതോടെ ഒരു അപൂര്‍വ റെക്കോഡാണ് ചെന്നൈ നായകന്‍ ധോണിയെ തേടിയെത്തുന്നത്. ഐ.പി.എല്ലില്‍ ഒരു ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ 200 മത്സരം തികയ്ക്കുന്ന ആദ്യ നായകന്‍ എന്ന റെക്കോഡാണ് താരത്തെ കാത്തിരിക്കുന്നത്.

ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 199 മത്സരങ്ങളില്‍ നയിച്ച ധോണി 120 തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ക്യാപ്റ്റന്റെ റോളില്‍ 78 മത്സരത്തില്‍ ധോണി പരാജയം രുചിച്ചപ്പോള്‍ ഒരു മത്സരം റിസള്‍ട്ടില്ലാതെ കലാശിക്കുകയും ചെയ്തു.

60.60 എന്ന വിജയശതമാനമാണ് ചെന്നൈയുടെ ക്യാപ്റ്റന്റെ റോളില്‍ ധോണിക്കുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിലക്ക് നേരിട്ട സീസണില്‍ ഐ.പി.എല്ലിന്റെ ഭാഗമായ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ നയിച്ചതും ധോണി തന്നെയായിരുന്നു. സൂപ്പര്‍ കിങ്‌സിനും സൂപ്പര്‍ ജയന്റ്‌സിനുമായി 213 തവണയാണ് ധോണി ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞത്. ഇതില്‍ ആകെ 125 ജയവും 87 തോല്‍വിയുമാണ് ധോണിക്കുള്ളത്.

ഐ.പി.എല്ലില്‍ ധോണിയുടെ ടോട്ടല്‍ വിന്നിങ് പേര്‍സെന്റേജ് 58.96 ആണ്.

ഐ.പി.എല്ലില്‍ 200ലധികം മത്സരത്തില്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ഏക താരവും ധോണി തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ മത്സരത്തില്‍ ക്യാപ്റ്റനായത്. 146 മത്സരത്തിലാണ് താരം മുംബൈയെ നയിച്ചത്.

ധോണിക്ക് പുറമെ ജോസ് ബട്‌ലറും രവീന്ദ്ര ജഡേജയും വമ്പന്‍ നേട്ടത്തിന് പിന്നാലെയാണ്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ബൗളര്‍ എന്ന റെക്കോഡാണ് ജഡേജയുടെ കയ്യെത്തും ദൂരത്തുള്ളത്. രാജസ്ഥാനെതിരെ 18 വിക്കറ്റ് നേടിയ ജഡ്ഡുവിന് ഈ മത്സരത്തില്‍ നാല് വിക്കറ്റ് നേടാന്‍ സാധിച്ചാല്‍  ഈ നേട്ടം സ്വന്തമാക്കാം.

രാജസ്ഥാന്‍ താരങ്ങളെ പുറത്താക്കിയ നേട്ടത്തില്‍ മുമ്പന്‍ വെറ്ററന്‍ ബൗളര്‍ പീയൂഷ് ചൗളയാണ്. 21 തവണയാണ് റോയല്‍സ് ബാറ്റര്‍മാര്‍ ചൗളയുടെ സ്പിന്‍ കെണിയില്‍ വീണത്. ഇതിന് പുറമെ ഈ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ ടി-20 ഫോര്‍മാറ്റില്‍ 200 വിക്കറ്റ് നേടുന്ന താരമാകാനും ജഡേജക്കാവും. അങ്ങനെയെങ്കില്‍ ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത് ഇന്ത്യന്‍ ബൗളറാകും ജഡേജ.

രാജസ്ഥാന്‍ സൂപ്പര്‍ താരം ജോസ് ബട്‌ലറും ഒരു നേട്ടത്തിന്റെ വക്കിലാണ്. ഐ.പി.എല്ലില്‍ 3000 റണ്‍സ് എന്ന മാജിക്കല്‍ ഫിഗര്‍ താണ്ടാന്‍ ജോസ് ബട്‌ലറിനാവശ്യം വെറും 17 റണ്‍സാണ്. നിലവില്‍ 2983 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

ചെന്നൈക്കെതിരായ മത്സരത്തില്‍ ഈ നേട്ടം കൈവരിക്കാന്‍ ബട്‌ലറിന് സാധിക്കുകയാണെങ്കില്‍ വേഗത്തില്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കുന്ന മൂന്നാമത് താരമാകാനും ആദ്യ ഇംഗ്ലണ്ട് താരമാകാനും ബട്‌ലറിനാകും.

തന്റെ 85ാമത് മത്സരത്തിലാണ് ബട്‌ലര്‍ ഈ നേട്ടത്തിനായി ബാറ്റേന്താന്‍ ഒരുങ്ങുന്നത്. ക്രിസ് ഗെയ്ല്‍ (75), കെ.എല്‍. രാഹുല്‍ (80) എന്നിവരാണ് ഐ.പി.എല്ലില്‍ വേഗത്തില്‍ 3000 റണ്‍സ് തികച്ച താരങ്ങള്‍.

Content highlight: Dhoni to lead Chennai Super Kings in 200th match

We use cookies to give you the best possible experience. Learn more