ബോളിവുഡില്‍ അഭിനയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. സിനിമ ഒരിക്കലും തന്റെ മേഖലയല്ലെന്നാണ് ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ കൂടിയായ ധോണി ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്.
പരസ്യചിത്രങ്ങളില്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂവെന്നും ധോണി വ്യക്തമാക്കി. ബോളിവുഡ് ഒരു ബുദ്ധിമുട്ടേറിയ മേഖലയാണെന്നും കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും തന്റെ മേഖല ക്രിക്കറ്റാണെന്നുമാണ് ധോണി പറഞ്ഞത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ധോണി സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ ശക്തമായത്. എന്നാല്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ടുതന്നെ താന്‍ സന്തോഷവാനാണ്, സിനിമകള്‍ സിനിമാ താരങ്ങള്‍ തന്നെ ചെയ്യട്ടെയെന്നും ധോണി പ്രതികരിച്ചു.
അജയ് ജഡേജ, വിനോദ് കാംബ്ലി, ബ്രെറ്റ് ലീ, ഹര്ബജന് സിംഗ്, ശ്രീശാന്ത് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങള്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ധോണിയും സിനിമയില്‍ അരങ്ങേറുമെന്ന അഭ്യൂഹങ്ങളുണ്ടായത്.
വിക്രം നായകനാകുന്ന കോബ്ര എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറാനൊരുങ്ങുകയാണ് ഇര്ഫാന് പഠാന്. ഹര്ഭജന് സിംഗ് നായകനായ തമിഴ് സിനിമ ഫ്രണ്ട്ഷിപ്പ് ഈയിടെ റിലീസ് ചെയ്തിരുന്നു.