ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ടൂര്‍ണമന്റിനോടും വിടപറയാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇപ്പോള്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത സീസണിലും താന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നും ധോണി അറിയിച്ചു.
ചെന്നൈയില്‍, സി.എസ്.കെ ആരാധകരുടെ മുമ്പില്‍ കളിച്ച ശേഷമേ താന്‍ വിരമിക്കൂ എന്നും അങ്ങനെ ചെയ്തില്ലായെങ്കില്‍ അവരോട് ചെയ്യുന്ന നീതികേടാവുമെന്നും ധോണി പറഞ്ഞു.
ഐ.പി.എല്‍ 2022ലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരം കളിക്കാനിറങ്ങിയ ചെന്നൈ നായകന്‍ ടോസിനിടെയാണ് അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്.
ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിക്കാതെ വിരമിക്കുന്നത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാവുമെന്നും ചെന്നൈ നഗരത്തോടും ആരാധകരോടും നന്ദി പറയാതിരിക്കാനാവില്ലെന്നും ടോസിന് ശേഷം ധോണി ഇയാന്‍ ബിഷപ്പിനോട് പറഞ്ഞു.
തങ്ങളുടെ തല ടീം വിട്ടുപോകാനൊരുങ്ങുകയാണെന്ന് ആശങ്കപ്പെട്ട ആരാധകര്‍ക്കുള്ള സന്തോഷ വാര്‍ത്ത കൂടിയായിരുന്നു ധോണിയുടെ പ്രഖ്യാപനം.
അതേസമയം, കഴിഞ്ഞ മത്സരത്തിലും തോറ്റാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സീസണിനോട് വിട പറയുന്നത്. കളിച്ച 14 മത്സരത്തില്‍ പത്തും പരാജയപ്പെട്ട് തല കുനിച്ചാണ് ധോണിപ്പട ഐ.പി.എല്‍ 2022ല്‍ നിന്നും പടിയിറങ്ങുന്നത്.
അഞ്ച് വിക്കറ്റിനായിരുന്നു കഴിഞ്ഞ മത്സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ചെന്നൈയ്‌ക്കെതിരായ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താനും ക്വാളിഫയറില്‍ പ്രവേശിക്കാനും റോയല്‍സിനായി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഗെയ്ക്‌വാദിനെ നഷ്ടമായിരുന്നു. സഹ ഓപ്പണര്‍ കോണ്‍വേയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ മോയിന്‍ അലിയായിരുന്നു ചെന്നൈയെ മുന്നോട്ട് നയിച്ചത്.
57 പന്തില്‍ നിന്നും 93 റണ്‍സാണ് അലി ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തത്. ധോണി മാത്രമാണ് അലിക്ക് ചെറുതായെങ്കിലും പിന്തുണ നല്‍കിയത്. 28 പന്തില്‍ നിന്നും 26 റണ്‍സായിരുന്നു ധോണി നേടിയത്.
2 വീതം വിക്കറ്റ് സ്വന്തമാക്കിയ ഒബെഡ് മക്കോയ്‌യും ചഹലുമാണ് സൂപ്പര്‍ കിംഗ്‌സിനെ താരതമ്യേന ചെറിയ സ്‌കോറില്‍ പിടിച്ചു നിര്‍ത്തിയത്.