വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചിരുന്നു. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് മുന്നോട്ട് വെച്ച 135 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യം ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ചെന്നൈ അനായാസം മറികടക്കുകയായിരുന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ചെന്നൈക്കായി.
വിജയാഘോഷം തുടരുന്ന ചെന്നൈ ആരാധകര്‍ക്ക് നിരാശ പകരുന്ന ഒരു വാര്‍ത്ത പുറത്ത് വരികയാണിപ്പോള്‍. ഐ.പി.എല്ലില്‍ നിന്നുമുള്ള താരത്തിന്റെ വിരമിക്കലിനെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ ഇത് തന്റെ ക്രിക്കറ്റ് കരിയറിന്റെ ലാസ്റ്റ് ഫേസാണെന്നാണ് ധോണി പറഞ്ഞത്.
കളിക്ക് ശേഷമുള്ള പ്രസന്റേഷനിലായിരുന്നു ധോണിയുടെ പരാമര്‍ശങ്ങള്‍. താരം ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ ധോണി ധോണി എന്ന് ആരാധകര്‍ ചാന്റ് ചെയ്യുന്നുണ്ടായിരുന്നു. കയ്യടികളും ആര്‍പ്പുവിളികളും കൊണ്ട് അകമഴിഞ്ഞ പിന്തുണ നല്‍കുന്ന ജനങ്ങളെ കാണുമ്പോള്‍ എന്ത് തോന്നുന്നു എന്ന് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു ആരാധകരെ നിരാശരാക്കുന്ന മറുപടി ധോണിയില്‍ നിന്നും വന്നത്.
‘എന്തൊക്കെ പറഞ്ഞാലും ഇതെന്റെ കരിയറിന്റെ ലാസ്റ്റ് ഫേസാണ്. അത് ആസ്വദിക്കുക എന്നത് പ്രധാനമാണ്. രണ്ട് വര്‍ഷത്തിന് ശേഷം ചെപ്പോക്കില്‍ വന്ന് ആരാധകര്‍ക്ക് കളി കാണാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഒരുപാട് സ്‌നേഹം നല്‍കുന്നുണ്ട്. എനിക്ക് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ പരാതിയില്ല,’ ധോണി പറഞ്ഞു. ധോണിയുടെ വാക്കുകള്‍ പുറത്ത് വന്നതോടെ ഇമോഷണലായാണ് ആരാധകര്‍ ട്വിറ്ററില്‍ പ്രതികരിക്കുന്നത്. ധോണിയുടെ വിരമിക്കലിനായി തങ്ങള്‍ റെഡിയായിട്ടില്ലെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം ചെപ്പോക്കില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈക്ക് നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ പ്രകടനമാണ് തുണയായത്. മാച്ചില്‍ 57 പന്തില്‍ നിന്നും 12 ബൗണ്ടറിയും ഒരു സിക്സറുമായി 77 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്സാണ് ചെന്നൈയെ അനായാസ വിജയത്തിലേക്കെത്തിച്ചത്.
വിക്കറ്റിന് പിന്നില്‍ നിര്‍ണായകമായ സ്റ്റംപിങ്ങും ക്യാച്ചും റണ്‍ ഔട്ടുമായി ധോണിയും തിളങ്ങി. മാച്ചില്‍ താരം ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്.
Content Highlight: Dhoni said that this is the last phase of his cricket career