ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെന്നൈ ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോം ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
വെടിക്കെട്ട് ബാറ്റിങ്ങിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വിജയിപ്പിക്കുമെന്ന് തോന്നിച്ച ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും വിക്കറ്റുകളാണ് മത്സരം ചെന്നൈക്ക് അനുകൂലമാക്കിയത്. വെടിക്കെട്ടുമായി ചെന്നൈ ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ട രണ്ട് പേര്‍ക്കും എം.എസ്. ധോണിയുടെ കയ്യില്‍ ഒതുങ്ങാനായിരുന്നു വിധി.
മാക്‌സ്‌വെല്ലിന്റെ വിക്കറ്റോടെയാണ് ചെന്നൈ മത്സരത്തിലേക്ക് തിരിച്ചുവന്നത്. 36 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും എട്ട് സിക്‌സറുമായി 76 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.
മതീശ പതിരാനയുടെ പന്തിലായിരുന്നു മാക്‌സിക്ക് മടങ്ങേണ്ടി വന്നത്. 12ാം ഓവറിലെ ആദ്യ പന്തിലായിരുന്നു താരത്തിന്റെ മടക്കം. പതിരാനയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച മാക്‌സ്‌വെല്ലിന് പിഴയ്ക്കുകയും പന്ത് ഉയര്‍ന്ന് പൊങ്ങുകയുമായിരുന്നു.
പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ തന്നെ ധോണി ക്യാച്ചിനായി ഓടിയടുത്തിരുന്നു. മറ്റാരും തന്നെ ആ ക്യാച്ചിന് ശ്രമിക്കേണ്ടതില്ലെന്നും ഇത് താന്‍ നോക്കിക്കൊള്ളാം എന്ന രീതിയിലുമായിരുന്നു ക്യാപ്റ്റന്റെ കോള്‍.
ഇതിന് പുറമെ മുമ്പില്‍ നിന്നും പതിരാനയോടും മറ്റുള്ളവരോടും ക്യാച്ചിന് ശ്രമിക്കേണ്ടെന്നും ഒഴിഞ്ഞ് മാറാന്‍ ആവശ്യപ്പെട്ടുള്ള ആംഗ്യവും ധോണി കാണിച്ചിരുന്നു. പിന്നാലെ എളുപ്പത്തില്‍ താരം ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഈ ക്യാച്ചിന് പിന്നാലെ ധോണിയുടെ കോളിനും പ്രസന്‍സ് ഓഫ് മൈന്‍ഡിനും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിനിതെരായ മത്സരത്തില്‍ ക്യാച്ചിന് ശ്രമിച്ച് സഹതാരങ്ങളുമായി കൂട്ടിയിടിച്ച് വീണ സഞ്ജുവിന്റെ അവസ്ഥ കഴിഞ്ഞ ദിവസം കണ്ടതിനാല്‍ മികച്ച രീതിയില്‍ സന്ദര്‍ഭം ക്രമീകരിച്ചു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
മാക്‌സ്‌വെല്‍ പുറത്തായതിന് പിന്നാലെ 18 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ക്യാപ്റ്റന്‍ ഫാഫും മടങ്ങിയിരുന്നു. മോയിന്‍ അലിയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കിയാണ് ഫാഫും മടങ്ങിയത്.
പിന്നാലെയെത്തിയ ദിനേഷ് കാര്‍ത്തിക് ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 14 പന്തില്‍ നിന്നും 28 റണ്‍സ് നേടിയാണ് ഡി.കെ. മടങ്ങിയത്.
ഇംപാക് പ്ലെയറായി എത്തിയ സുയാഷ് പ്രഭുദേശായിയുടെ ശ്രമവും ഫലം കാണാതെ വന്നതോടെ ആര്‍.സി.ബി 218ല്‍ അവസാനിച്ചു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും ചെന്നെക്കായി. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റാണ് ചെന്നൈക്കുള്ളത്. ഗുജറാത്തിനും പഞ്ചാബിനും ആറ് പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റാണ് സി.എസ്.കെക്ക് തുണയായത്.
Content Highlight: Dhoni’s stunning catches favored Chennai Super Kings