ന്യൂദല്‍ഹി: എം.എസ് ധോണി ബോളര്‍മാരുടെ ക്യാപ്റ്റനാണെന്നും വരാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്നും മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.ബോളര്‍മാരായ ജസ്പ്രീത് ബൂംറയെയും സംഘത്തെയും ധോണിയുടെ സാമീപ്യം വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നും സെവാഗ് പറഞ്ഞത്.
ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ ആകാന്‍ തയ്യാറായത്തില്‍ താന്‍ സന്തോഷവാനാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കുള്ള ധോണിയുടെ വരവ് എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടെന്നും മെന്റര്‍ സ്ഥാനം എറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായത് വളരെ വലിയ കാര്യമാണെന്നും സെവാഗ് പറഞ്ഞു.
ഒരു പതിറ്റാണ്ടോളം ധോണിയോടൊപ്പം കളിച്ച സെവാഗിന് ധോണിയുടെ കരുത്തിനെ പറ്റിയും ബോളര്‍മാരെ മനസിലാക്കുന്നതിലെ അദ്ദേഹത്തിന്റെ മികവിനെ പറ്റിയും കൃത്യമായി അറിയാം.
ഫീല്‍ഡര്‍മാരെ കൃത്യസ്ഥലത്ത് ക്രമീകരിക്കുന്നതില്‍ ധോണിക്ക് കൃത്യമായ ധാരണയുണ്ടെന്നും ഇത് ബോളര്‍മാരെ തുണയ്ക്കുമെന്നും സെവാഗ് പറഞ്ഞു. അന്തര്‍മുഖരായ യുവ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ധോണിയെക്കാള്‍ മികച്ച മെന്ററെ ലഭിക്കില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീം നായകന്മാരെ സമീപിക്കാന്‍ മടി കാണിക്കുകയും ലജ്ജിച്ചു മാറുകയും ചെയ്യുന്ന താരങ്ങളുണ്ട്. എന്നാല്‍ ധോണിയെ സമീപിക്കാന്‍ താരങ്ങള്‍ക്ക് വളരെ എളുപ്പമാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ധോണിക്ക് സാധിക്കുമെന്നും സെവാഗ് പറഞ്ഞു.
വരാനിരിക്കുന്ന ലോകകപ്പില്‍ ടീമിനെ സഹായിക്കാന്‍ വേണ്ടിയാണ് ധോണിയെ കഴിഞ്ഞ ആഴ്ച്ച ബി.സി.സി.ഐ ചുമതലപ്പെടുത്തിയത്. ഏറെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ധോണിയെ നിയമിക്കാന്‍ തീരുമാനിച്ചത്. 2020 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി ദേശീയ ടീമുമായി സഹകരിക്കുന്നത് ഇതാദ്യമാണ്.
ലോകകപ്പിനായി 15 അംഗങ്ങളുള്ള സംഘത്തെയും 3 റിസര്‍വ് ടീമിനെയും പ്രഖ്യാപിച്ചെങ്കിലും ടീമില്‍ ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ടെന്നാണ് സെവാഗിന്റെ അഭിപ്രായം. ഒക്ടോബര്‍ 10 വരെ ടീമില്‍ മാറ്റം വരുത്താന്‍ ഐ.സി.സി അനുവാദം നല്‍കിയിട്ടുണ്ട്.
ഐ.പി.എല്‍ മത്സരങ്ങള്‍ ബാക്കിനില്‍ക്കെ സെലക്ടര്‍മാര്‍ മല്‍സരങ്ങള്‍ സൂക്ഷമമായി നീരിക്ഷിക്കുന്നുണ്ടെന്നും ആര്‍ക്കും ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്നും സെവാഗ് പറഞ്ഞു.
ഒക്ടോബര്‍ 25ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബൈയില്‍ വെച്ച് ഇന്ത്യന്‍ സമയം വൈകിട്ട് 7:30നാണ് മത്സരം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Dhoni’s presence as mentor will benefit team india in upcoming wc says sehwag