| Sunday, 28th May 2023, 11:35 pm

കാണാം ധോണിയുടെ നൂറ് മീറ്റര്‍ സിക്‌സറുകളെല്ലാം ഒറ്റയടിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരത്തോടെ എം.എസ്. ധോണി എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ കരിയറിന് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്. ഇത് ധോണിയുടെ അവസാന സീസണായേക്കുമെന്ന് പല റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അവസാന സീസണില്‍ ടീമിനെ കിരീടം ചൂടിക്കണമെന്ന് ധോണിക്കും, ധോണിയെ കിരീടം ചൂടിച്ചുകൊണ്ട് പടിയിറക്കണമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും അതിയായ ആഗ്രഹമുണ്ട്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും സക്‌സസ്ഫുള്ളായ ക്യാപ്റ്റന്‍മാരില്‍ ഒരാള്‍, ഏറ്റവും മികച്ച സ്ട്രാറ്റജിസ്റ്റ്, വിക്കറ്റിന് പുറകില്‍ പകരംവെക്കാനില്ലാത്ത മികവിനുടമ, ഏറ്റവും മികച്ച ഫിനിഷര്‍, എല്ലാത്തിലുമുപരി മികച്ച ബാറ്റര്‍ തുടങ്ങി ധോണിയെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പോരാതെ വരും.

കളിച്ച 14 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 12 തവണയും പ്ലേ ഓഫിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ഇതില്‍ പത്ത് തവണ ഫൈനലിലെത്തുകയും നാല് തവണ കിരീടം നേടുകയും (2023 സീസണ്‍ കൂടാതെ) ചെയ്തിട്ടുണ്ട്. രണ്ട് തവണ, 2010, 2014 സീസണുകളില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിടാനും ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നു.

2023 സീസണിലെ ഫൈനലില്‍ കൂടി ബാറ്റേന്തുന്നതോടെ തന്റെ 250ാം മത്സരം തികയ്ക്കാനും ധോണിക്ക് സാധിക്കും. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാനും ഇതോടെ ധോണിക്ക് സാധിക്കും.

ഇതുവരെ കളിച്ച 249 മത്സരത്തിലെ 217 ഇന്നിങ്‌സില്‍ നിന്നുമായി 5,082 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. 39.09 എന്ന ശരാശരിയിലും 135.96 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ധോണി സ്‌കോര്‍ ചെയ്തത്.

24 അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരിലാക്കിയ തല 349 ബൗണ്ടറികളും എണ്ണം പറഞ്ഞ 239 സിക്‌സറുകളും പറത്തിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ ധോണി നേടിയ 100+ മീറ്റര്‍ സിക്‌സറുകളുടെ വീഡിയോ കാണാം.

അതേസമയം, ഐ.പി.എല്‍ 2023ലെ ഫൈനല്‍ മത്സരം മഴ മൂലം മാറ്റിവെച്ചിരിക്കുകയാണ്. റിസര്‍വ് ഡേയായ തിങ്കളാഴ്ചത്തേക്കാണ് ഫൈനല്‍ മാറ്റിയിരിക്കുന്നത്.

തിങ്കളാഴ്ചയും സമാനമായ സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കില്‍ അഞ്ചാം കിരീടമെന്ന മോഹം ബാക്കിയാക്കി ചെന്നൈക്ക് ഈ സീസണിനോട് വിടപറയേണ്ടി വരും.

Content highlight: Dhoni’s all 100 meter sixres in IPL

We use cookies to give you the best possible experience. Learn more