'അങ്ങനെ ഞാന്‍ ഇന്ത്യയുടെ ക്യാപറ്റ്‌നായി'; ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് ധോണി
Daily News
'അങ്ങനെ ഞാന്‍ ഇന്ത്യയുടെ ക്യാപറ്റ്‌നായി'; ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തതിനെക്കുറിച്ച് ധോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th November 2017, 1:53 am

 

റാഞ്ചി: ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് നായകരിലൊരാണ് മഹേന്ദ്ര സിംഗ് ധോണി. ഒരു പക്ഷെ ലോകക്രിക്കറ്റില്‍ പോലും ഇത്രയും സക്‌സസ്ഫുള്ളായ ഒരു നായകനുണ്ടോ എന്നത് സംശയമാണ്.

ടി-20 ലോകകപ്പും, ഏകദിന ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ലോകത്തെ ഏക നായകനും ധോണിയാണ്. വിക്കറ്റിനു മുന്നില്‍നിന്നും പിന്നില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഈ മുന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ സൂപ്പര്‍താരം കോഹ്‌ലിക്കു കീഴിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

എന്തുകൊണ്ടായിരിക്കാം ഇന്ത്യന്‍ടീമിന്റെ ക്യാപ്റ്റന്‍സിയെന്ന മുള്‍ക്കിരീടം ധോണിയിലെത്തിയത്. അതും സെവാഗ്, ഹര്‍ഭജന്‍ തുടങ്ങി സീനിയര്‍ താരങ്ങള്‍ ടീമിലുണ്ടായിരിക്കെ തന്നെ. തനിക്ക് കൈവന്ന ഭാഗ്യത്തെക്കുറിച്ച് ഇതാദ്യമായി മനസു തുറന്നിരിക്കയാണ് താരം.

കളിഗതിയെക്കുറിച്ച് പഠിക്കാനുള്ള കഴിവായിരിക്കാം തന്നെ നായകനാക്കിയതെന്ന് ധോണി പറയുന്നു.


Also Read: ‘എന്താ ഇപ്പോ ഉണ്ടായേ?’; കണ്ണടച്ച് തുറക്കും മുന്നേ രാഹുലിനെ കീപ്പറുടെ കൈകളിലെത്തിച്ച് ലക്മല്‍; ഇന്ത്യക്ക് തുടക്കം പിഴച്ചു; വീഡിയോ


” എന്നെ നായകനാക്കാനുള്ള ചര്‍ച്ചകളില്‍ ഞാന്‍ ഭാഗമല്ലായിരുന്നു. ഒരു പക്ഷെ കളിയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. കളിയെക്കുറിച്ച് മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്. സീനിയര്‍ താരങ്ങള്‍ എന്നോട് കളിയെക്കുറിച്ച് അഭിപ്രായം ചോദിക്കുമ്പോള്‍ താന്‍ ഭയക്കാതെ പറയാനുള്ളത് പറയുമായിരുന്നു. അത് മറ്റ് കളിക്കാര്‍ക്കിടയില്‍ എനിക്ക് നല്ല പേര് ഉണ്ടാക്കി. ഒരു പക്ഷെ അതായിരിക്കാം കാരണം.”

2007 ല്‍ ആദ്യ ടി-20 ലോകകപ്പിനു തൊട്ടുമുന്‍പാണ് ധോണി ടി-20 നായകനാകുന്നത്. നായകനായ ധോണി പിന്നീട് നാട്ടിലെത്തിയത് കിരീടവുമായായിരുന്നു. പതിയെ ഏകദിനത്തിലും ടെസ്റ്റിലും ധോണി സച്ചിനും,സെവാഗും, ഗാംഗുലിയും ദ്രാവിഡും ഉള്‍പ്പെട്ട ടീമിനെ നയിച്ചു.

ഇപ്പോള്‍ കോഹ്‌ലിക്കുകീഴില്‍ കളിക്കുമ്പോഴും സുപ്രധാനമായ പല തീരുമാനങ്ങളും കോഹ്‌ലി നടപ്പാക്കുന്നത് ധോണിയുടെ നിര്‍ദ്ദേശപ്രകാരമാണ്.