ആരാധകരെ ഞെട്ടിച്ച് തലയൊഴിഞ്ഞു; ചെന്നൈയുടെ രണ്ടാമത് നായകനാവാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍
IPL
ആരാധകരെ ഞെട്ടിച്ച് തലയൊഴിഞ്ഞു; ചെന്നൈയുടെ രണ്ടാമത് നായകനാവാന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th March 2022, 3:36 pm

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ഞെട്ടിച്ച് എം.എസ്. ധോണി. ചെന്നെയുടെ ക്യാപറ്റന്‍ സ്ഥാനം രാജിവെച്ചാണ് താരം ആരാധകരെ ഒന്നാകെ ഞെട്ടിച്ചത്.

താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച ധോണി, ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയാണെന്നും അറിയിച്ചു.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012 മതല്‍ സൂപ്പര്‍ കിംഗ്‌സിന്റെ ഭാഗമായ ജഡ്ഡു, ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.

ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനുമാണ്.

ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങളായിരുന്നു കളിച്ചത്. ഇതില്‍ 121 എണ്ണത്തില്‍ ചെന്നൈ ജയിച്ചു. 59.60 ആയിരുന്നു ധോണിക്ക് കീഴിലെ സൂപ്പര്‍ കിംഗ്‌സിന്റെ വിജയ ശതമാനം.

129 മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച് 75 എണ്ണത്തില്‍ ജയിച്ച രോഹിത് ശര്‍മ മാത്രമാണ് ഐ.പി.എല്ലില്‍ ധോണിയെക്കാള്‍ വിജയശതമാനമുള്ള (59.68) ഏക നായകന്‍.

2008ലെ ഉദ്ഘാടന സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ ധോണി മാത്രമായിരുന്നു. വാതുവെപ്പുമായി ടീം ടൂര്‍ണമെന്റില്‍ നിന്നും രണ്ട് സീസണില്‍ പുറത്താക്കപ്പെട്ടെങ്കിലും, വീണ്ടും ടൂര്‍ണമെന്റില്‍ തിരിച്ചെത്തിയപ്പോള്‍ ധോണി തന്നെയായിരുന്നു ടീമിനെ നയിച്ചത്.

നാലു തവണ ഐ.പി.എല്‍ കിരീടവും ഒരു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ധോണിക്ക് കീഴില്‍ ചെന്നൈ നേടി. 13 സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രാമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.

Content Highlight: Dhoni relinquishes captaincy of Chennai Super Kings