| Sunday, 5th March 2023, 1:10 pm

ഇങ്ങേര്‍ ഇതെന്ത് ഭാവിച്ചാണ്? ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പടയിലേക്ക് പുതിയ ബൗളറായി ധോണിയും? വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 2023 എഡിഷനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ പോരായ്മയെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ താരലേലത്തിലും ഈ സീസണ്‍ എന്തുവിലകൊടുത്തും സ്വന്തമാക്കണമെന്ന വാശിയും അതിലേറെ സ്ട്രാറ്റജിയും നിറഞ്ഞ സൂപ്പര്‍ കിങ്‌സിനെയായിരുന്നു ആരാധകര്‍ കണ്ടത്. ബെന്‍ സ്റ്റോക്‌സിനെയടക്കം ടീമിലെത്തിച്ച് സ്‌ക്വാഡ് ഡെപ്ത് വര്‍ധിപ്പിച്ച സൂപ്പര്‍ കിങ്‌സ് രണ്ടും കല്‍പിച്ച് തന്നെയാണ്.

സൂപ്പര്‍ കിങ്‌സിന്റെ തല എം.എസ്. ധോണിയുടെ അവസാന സീസണായിരിക്കുമിത്. അതിനാല്‍ തന്നെ തങ്ങളെ പലതവണ കിരീടം ചൂടിച്ച മഹി ഭായിയെ കിരീടത്തോടെ വിടചൊല്ലാനാകും സൂപ്പര്‍ കിങ്‌സിലെ ഓരോരുത്തരും ശ്രമിക്കുന്നത്. അവസാന സീസണില്‍ ഒരു കിരീടം ധോണിയും ആഗ്രഹിക്കുന്നുണ്ടാകും.

പുതിയ സീസണിന്റെ മുന്നൊരുക്കത്തിലാണ് സൂപ്പര്‍ കിങ്‌സിപ്പോള്‍. ചെന്നൈ ക്യാമ്പിലെ പ്രാക്ടീസ് സെഷനാണ് ആരാധകരെ വല്ലാതെ അത്ഭുതപ്പെടുത്തുന്നത്. പ്രാക്ടീസ് സെഷനില്‍ ധോണി പന്തെറിയുന്നത് കണ്ടിട്ടാണ് ആരാധകര്‍ വണ്ടറടിച്ചിരിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ ടീമിനായി പന്തെറിയുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ധോണി ഐ.പി.എല്ലിന്റെ ചരിത്രത്തിലിതുവരെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് പന്തുമായി എത്തിയിട്ടില്ല. അവസാന സീസണില്‍ പന്തുകൊണ്ടും മാജിക് കാണിക്കാനാണോ ധോണി ഒരുങ്ങുന്നതെന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

റാഞ്ചിയിലെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലക്‌സില്‍ ഒരുക്കിയ നെറ്റ്‌സിലാണ് താരം പന്തെറിഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത്. തന്റെ ബൗളിങ് ടെക്‌നിക്കുകളിലും താരം കാര്യമായി വര്‍ക് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ താന്‍ പന്തെറിഞ്ഞ ശൈലിയില്‍ നിന്നും മാറി മറ്റൊരു രീതിയിലാണ് താരം പന്തെറിയുന്നത് എന്നതും രസകരമായ കാര്യമാണ്.

മാര്‍ച്ച് 31ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തോടെയാണ് ഐ.പി.എല്‍ 2023ന് കൊടിയേറുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് മള്‍ട്ടിപ്പിള്‍ ചാമ്പ്യന്‍മാരെ ആദ്യ മത്സരത്തില്‍ നേരിടുന്നത്.

മാര്‍ച്ച് 31നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗുജറാത്തിന്റെ ഹോം സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlight: Dhoni practice bowling in before IPL 2023

We use cookies to give you the best possible experience. Learn more