[]ന്യൂദല്‍ഹി: വാതുവെയ്പ്പ് വിവാദവും അന്വേഷണവും ഒരുവഴിക്ക് നടക്കുമ്പോള്‍ സംശയങ്ങളുടെ മുന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയിലേക്കും നീങ്ങുന്നു.
സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ് കമ്പനിയായ റിതി സ്‌പോര്‍ട്‌സില്‍ മഹേന്ദ്ര സിങ് ധോണിക്ക് ഷെയര്‍ ഉണ്ടെന്നതാണ് പുതിയ വാര്‍ത്ത. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.[]
റിതി സ്‌പോര്‍ട്‌സില്‍ ധോണിക്ക് 15 ശതമാനം ഷെയര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, പ്രഗ്യാന്‍ ഓജ എന്നീ താരങ്ങള്‍ക്കും കമ്പനിയുമായി ബന്ധമുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു.
വാതുവെയ്പ്പ് വിവാദം പുകയുമ്പോഴും ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ മൗനത്തിന് പല അര്‍ത്ഥങ്ങളുണ്ടാവാമെന്നും പുതിയ വാര്‍ത്തയോടെ ആരാധകരും നിരീക്ഷകരും കരുതുന്നു.
വാതുവെപ്പിനെ കുറിച്ച് ധോണി ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. വാതുവെപ്പില്‍ ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്റെ അറസ്റ്റ് ശ്രീനിവാസന്റെ ചെയര്‍മാന്‍ പദവിയെ വരെ ബാധിച്ചിരിക്കുകയാണ്.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കാതെ പദവിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ശ്രീനിവാസന്‍ തീരുമാനിച്ചിരുന്നു. വാതുവെപ്പ് വിവാദത്തില്‍ ശ്രീനിവാസന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.സി.സി.ഐ ട്രഷറര്‍ അജയ് ഷിര്‍ക്കെയും സെക്രട്ടറി സഞ്ജയ് ജഗ്ദലയും രാജികത്ത് നല്‍കിയിരുന്നു.