ഓസ്ട്രേലിയക്കെതിരെയുള്ള ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസിസിനെ ഇന്നിങ്സിനും 132 റൺസിനും ഇന്ത്യൻ ടീം ചുരുട്ടികെട്ടിയിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ, 70 റൺസ് സ്വന്തമാക്കിയ ജഡേജ, 84 റൺസ് നേടിയ അക്സർ പട്ടേൽ എന്നിവരുടെ ബാറ്റിങ് മികവിലാണ് ആദ്യ ടെസ്റ്റിൽ ടീം ഇന്ത്യ വിജയം വരിച്ചത്.
പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച തുടക്കം തന്നെയാണ് ഇന്ത്യൻ ടീമിന് ലഭിച്ചത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഓസിസിനെ 263 റൺസിന് ഓൾ ഔട്ടാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. നാല് വിക്കറ്റ് നേടിയ ഷമി മൂന്ന് വിക്കറ്റ് വീതം നേടിയ അശ്വിൻ, ജഡേജ എന്നിവർ പന്ത് കൊണ്ട് അത്ഭുതം സൃഷ്ടിച്ച മത്സരത്തിൽ ഉസ്മാൻ ഖവാജക്കും പീറ്റർ ഹാൻഡ്സ്കോമ്പിനും മാത്രമാണ് ഓസിസ് ബാറ്റിങ് നിരയിൽ തിളങ്ങാൻ സാധിച്ചത്.
എന്നാലിപ്പോൾ ഇന്ത്യയെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് നയിക്കും എന്ന് ആരാധകർ പ്രതീക്ഷിക്കുന്ന രോഹിത് ശർമയാണോ ധോണിയാണോ ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ സിങ്.
ഐ.പി.എല്ലിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാർ സ്പോർട്സിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഹർഭജൻ സിങിനോട് രോഹിത്താണോ ധോണിയാണോ ഐ. പി. എല്ലിലെ മികച്ച ക്യാപ്റ്റൻ എന്ന ചോദ്യമുയരുന്നതും താരം അതിന് മറുപടി നൽകുന്നതും.
“ധോണിയാണ് മികച്ച ക്യാപ്റ്റൻ എന്നാണ് എന്റെ അഭിപ്രായം.കാരണം അദ്ദേഹം ആദ്യ സീസൺ മുതൽ തന്നെ ഒരേ ടീമിനായി കളിച്ച താരമാണ്. ചെന്നൈയുടെ വിജയത്തിന് പിന്നിൽ ധോണിയാണ്. തന്റെ ടീമിനെ അദ്ദേഹം നയിക്കുന്ന രീതി പ്രശംസാവഹമാണ് മറ്റു ക്യാപ്റ്റൻമാരും ടീമിനെ നന്നായി നയിക്കുകയും ടൈറ്റിലുകൾ നേടിക്കൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷെ ധോണിയെപ്പോലെ അവർക്കൊന്നും ടീമിനെ നയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ ഹർഭജൻ സിങ് പറഞ്ഞു.
കൂടാതെ രോഹിത്തിന് അഞ്ച് ഐ.പി.എൽ ട്രോഫിയും ധോണിക്ക് നാല് ട്രോഫിയുമാണുള്ളതെങ്കിലും തന്റെ അഭിപ്രായം ഇങ്ങനെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യ-ഓസീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കൂടി വിജയിക്കാനായാൽ ഇന്ത്യൻ ടീമിനെ പരമ്പര നഷ്ടപ്പെടാതെ പിടിച്ച് നിർത്താൻ സാധിക്കും. പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യൻ ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാം.
Content Highlights:Dhoni or Rohit the better captain? Harbhajan Singh replayed