ഐ.പി.എല്‍ വിജയത്തിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡു ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. തന്റെ കരിയറിലെ ആറാം കിരീടമാണ് 2023 സീസണ്‍ വിജയത്തോടെ റായിഡു സ്വന്തമാക്കിയത്. ഐ.പി.എല്ലിന്റെ സമ്മാനദാന ചടങ്ങില്‍ ട്രോഫി ഏറ്റുവാങ്ങാന്‍ റായിഡുവിനായിരുന്നു ക്യാപ്റ്റന്‍ എം.എസ്. ധോണി അവസരം നല്‍കിയിരുന്നത്.
ഇതിനിടയില്‍ ധോണി അമ്പാട്ടി റായിഡുവിനെക്കുറിച്ച് സംസാരിക്കുന്ന വാക്കുകളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വിജയത്തിന് ശേഷം ഹര്‍ഷ ഭോഗ്ലെയുമായുള്ള രസകരവും വൈകാരികവുമായ സംഭാഷണത്തിനിടെയായിരുന്നു ധോണി റായിഡുവിനെക്കുറിച്ച് പറഞ്ഞത്.
റായിഡു ടീമിലുള്ളയിടത്തോളം കാലം ഫെയര്‍പ്ലേ അവാര്‍ഡ് ഒരിക്കലും തനിക്ക് നേടാനാവില്ലെന്ന് ധോണി പറയുന്നു. അധികം ഫോണ്‍ ഉപയോഗിക്കാത്ത തന്നെ പോലെ സമാനപ്രയനായ ഒരു കഥാപാത്രമാണ് റായിഡുവെന്നും ധോണി പറഞ്ഞു.
‘റായുഡുവിന്റെ പ്രത്യേകത എന്തെന്നാല്‍, അവന്‍ ഫീല്‍ഡിലായിരിക്കുമ്പോള്‍ എപ്പോഴും 100 ശതമാനം നല്‍കും. അവന്‍ ടീമില്‍ ഉണ്ടാകുമ്പോള്‍, ഞാന്‍ ഒരിക്കലും ഫെയര്‍പ്ലേ അവാര്‍ഡ് നേടുകയില്ല(ചിരിക്കുന്നു). എപ്പോഴും എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു മികച്ച ക്രിക്കറ്ററാണവന്‍.
ഞാന്‍ ‘ഇന്ത്യ എ ടീമിന്റെ പര്യടനങ്ങള്‍ മുതല്‍ വളരെക്കാലമായി അവനോടൊപ്പം കളിക്കുന്നു. ഏറ്റവും പുതിയ ഗാനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, അധികം ഫോണ്‍ ഉപയോഗിക്കത്ത ആളാണ് റായിഡു. ജീവിതത്തിന്റെ അടുത്ത ഘട്ടം അവന്‍ നന്നായി ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ധോണി പറഞ്ഞു.
അതേസമയം, ഐ.പി.എല്ലില്‍ ചെന്നൈക്ക് പുറമേ മുംബൈ ഇന്ത്യന്‍സിനായും റായിഡു കളിച്ചിട്ടുണ്ട്. എന്നാല്‍ 2019ന് ശേഷം താരം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.
2019ലെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായിഡു രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിച്ചത്.
Content Highlight: MS Dhoni on the Ambati Rayudu in an emotional conversation with Harsha Bhogle