അങ്ങനെ ചെയ്യാന്‍ ധോണി തയ്യാറായില്ലെങ്കില്‍ ടീം പ്ലേ ഓഫ് കടക്കാന്‍ പോണില്ല; തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇംഗ്ലണ്ട് ലെജന്‍ഡ്
Sports News
അങ്ങനെ ചെയ്യാന്‍ ധോണി തയ്യാറായില്ലെങ്കില്‍ ടീം പ്ലേ ഓഫ് കടക്കാന്‍ പോണില്ല; തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇംഗ്ലണ്ട് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th April 2023, 8:38 pm

 

ആവേശകരമായ ഐ.പി.എല്‍ മത്സരത്തിനാണ് കഴിഞ്ഞ ദിവസം ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിട്ട ചെന്നൈക്ക് പക്ഷെ മുന്ന് റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. ആരാധകര്‍ക്ക് മുമ്പില്‍ വിശ്വരൂപം പുറത്തെടുത്ത മഹേന്ദ്ര ജാലത്തിനും ചെന്നൈയെ രക്ഷിക്കാനായില്ലെന്നത് ആരാധകരെയും വിഷമത്തിലാക്കിയിട്ടുണ്ട്.

ടോസ് നേടിയ ക്യാപ്റ്റന്‍ കൂള്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സ് ആരംഭിച്ച രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പക്ഷെ വണ്‍ ഡൗണായെത്തിയ ദേവ് ദത്ത് പടിക്കലിനെ(38) കൂട്ടുപിടിച്ച് ബട്‌ലര്‍ രാജസ്ഥാനെ കരകയറ്റുകയായിരുന്നു.

36 പന്തില്‍ 52 റണ്‍സെടുത്ത ബട്‌ലര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ച രവിചന്ദ്രന്‍ അശ്വിന്‍, (30) ഷിംറോണ്‍ ഹെറ്റ്‌മെയര്‍(30) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ നല്‍കിയത്. എന്നാല്‍ ആരാധകരെ നിരാശരാക്കി ഇത്തവണയും പൂജ്യത്തിന് പുറത്താകാനായിരുന്നു സഞ്ജുവിന്റെ വിധി. എങ്കിലും നിശ്ചിത ഓവറില്‍ 175 റണ്‍സെടുക്കാന്‍ രാജസ്ഥാനായി.

ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം പരാമവധി മുതലെടുത്ത് ചെന്നൈ അനായസം കരകയറുമെന്നാണ് ആരാധകരും വിശ്വസിച്ചത്. ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഋതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടെങ്കിലും ഡെവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചറിയുടെ മികവില്‍ ഭേദപ്പെട്ട തുടക്കമാണ് ചെന്നൈ നടത്തിയത്.

എന്നാല്‍ കോണ്‍വെ തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ മധ്യനിര തയ്യാറാവാത്തതാണ് ചെന്നൈയെ തോല്‍വിയിലേക്ക് തള്ളി വിട്ടത്. അവസാന ഓവറുകളില്‍ ധോണിയുടെ(17 പന്തില്‍ 32) വെടിക്കെട്ടും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മൂന്ന് റണ്‍സിന് ചെന്നൈയുടെ പോരാട്ടം അവസാവനിക്കുകയായിരുന്നു.

മത്സരത്തിന് പിന്നാലെ ധോണിയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയിരുന്നു. ചെന്നൈയുടെ കളി ജയിപ്പിക്കാനുള്ള ഇന്നിങ്‌സാണ് ധോണി കളിച്ചതെന്നും എന്നാല്‍ അവസാന ഓവറിലെ പൊട്ടിത്തെറിയിലൂടെ മാത്രം എല്ലാ സമയത്തും കളി ജയിക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

ഇപ്പോഴിതാ സമാന പ്രതികരണവുമായി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും രംഗത്തെത്തിയിരിക്കുകയാണ്. ധോണി തന്റെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നത് നന്നായിരിക്കുമെന്നാണ് മോര്‍ഗന്‍ പറഞ്ഞത്. ടീമിന് ആവശ്യമായ നേരത്തെല്ലാം ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നടത്താന്‍ ധോണി തയ്യാറായിട്ടുണ്ടെന്നും ടീം പ്ലേ ഓഫ് കടക്കണമെങ്കില്‍ ധോണിയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കം ഉണ്ടാകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

‘കളിക്കാരനെന്ന നിലയില്‍ തനിക്കെന്താണ് വേണ്ടതെന്ന് ധോണിക്ക് നന്നായി അറിയാം. ടീമിന് ആവശ്യമായ സമയത്തൊക്കെ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ടീം പ്ലേ ഓഫിലെത്തിയാല്‍ ഇത്തവണ ഐ.പി.എല്ലിലും ധോണി ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്കെത്തേണ്ടതുണ്ട്. പക്ഷെ ഇപ്പോഴത് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല,’ മോര്‍ഗന്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം തിങ്കളാഴ്ച ബെംഗളൂരുവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlight: dhoni needs to change batting order says England player