| Monday, 29th April 2019, 9:37 am

പ്രതിഫലമായി ലഭിക്കാനുള്ളത് 40 കോടി രൂപ; റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരേ ധോനി സുപ്രീംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാലി തന്നെ വഞ്ചിച്ചെന്നാരോപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി സുപ്രീംകോടതിയെ സമീപിച്ചു. റാഞ്ചിയില്‍ നിര്‍മിക്കുന്ന അമ്രപാലി സഫാരി സ്യൂട്ടില്‍ താന്‍ ബുക്ക് ചെയ്ത പെന്റ്ഹൗസിന്റെ ഉടമസ്ഥാവകാശം ലഭിക്കണമെന്നും കമ്പനി പണം തിരികെകൊടുക്കാനുള്ളവരുടെ പട്ടികയില്‍ തന്നെക്കൂടി ചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ധോനി ആവസ്യപ്പെട്ടു.

കമ്പനിയുടെ മുന്‍ ബ്രാന്‍ഡ് അംബാസഡറാണ് ധോനി. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിക്കും കമ്പനിയില്‍ ഓഹരിയുണ്ടായിരുന്നു.

അംബാസഡറായ വകയില്‍ പ്രതിഫലത്തുകയായി കമ്പനി തനിക്ക് 40 കോടി രൂപ നല്‍കാനുണ്ടെന്നും ധോനി ചൂണ്ടിക്കാട്ടി. 2009-2016 കാലയളവിലാണ് അദ്ദേഹം കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന അമ്രപാലി ഗ്രൂപ്പ് പെട്ടെന്നാണു സാമ്പത്തികപ്രതിസന്ധിയിലായത്. ചെയ്തുവന്നിരുന്ന പ്രോജക്ടുകള്‍ നിലച്ചതോടെ 46,000-ത്തോളം വരുന്ന ഉപഭോക്താക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഈ ഹര്‍ജികള്‍ പരിഗണിച്ച് നേരത്തേ കമ്പനിയുടെയും അതിന്റെ ഡയറക്ടര്‍മാരുടെയും വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ കമ്പനിയുടെ പദ്ധതി പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ജനുവരി 25-നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.

ഇതിനുശേഷം ഫെബ്രുവരിയില്‍ കമ്പനി സി.എം.ഡി അനില്‍ ശര്‍മ, ഡയറക്ടര്‍മാരായ ശിവ് ധീവാനി, അജയ് കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more