ധോണി പറഞ്ഞത് കള്ളം, മെയ്യപ്പനുമായി ധോണിക്ക് അടുത്ത ബന്ധം
Daily News
ധോണി പറഞ്ഞത് കള്ളം, മെയ്യപ്പനുമായി ധോണിക്ക് അടുത്ത ബന്ധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2014, 1:15 pm

dhoni-01ബി.സി.സി.ഐ (ബോഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യിലെ ഉന്നതര്‍ക്ക് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങള്‍ക്കും വാതുവയ്പ്പില്‍ പങ്കുണ്ടായിരുന്നു എന്ന വിവരമാണ് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് പുറത്തുവരുന്നത്.

ഗുരുനാഥ് മെയ്യപ്പന്‍ ടീം ഒഫിഷ്യല്‍ ആയിരുന്നില്ലെന്നും അദ്ദേഹത്തെ ചുരുക്കം തവണ മാത്രമെ ഗ്രൗണ്ടിന് പുറത്തുവച്ച് കണ്ടിട്ടുള്ളു എന്നുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്ന എം.എസ് ധോണി പറഞ്ഞിരുന്നത്. എന്നാല്‍ ധോണി പറഞ്ഞത് കള്ളമാണെമന്നാണ് മുദ്ഗല്‍ കമ്മിറ്റി കോടതിയെ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ ഈ വിഷയം ശക്തമായ വാദത്തിന് വഴിവെക്കുകയും ചെയ്തു.

മുദ്ഗല്‍ കമ്മിറ്റിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ വ്യക്തി നിരന്തരമായി മെയ്യപ്പന്റെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നതായി പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞതില്‍ നിന്ന് തന്നെ വ്യക്തമാണ് ആരാണ് ആ വ്യക്തിയെന്ന്.

മെയ്യപ്പന്‍ ക്യാപ്റ്റനുമായി അടുത്ത ബന്ധത്തിലായിരുന്നുവെന്നും ആ ക്യാപ്റ്റന്‍ മുദ്ഗല്‍ കമ്മിറ്റിയോട് നുണ പറയുകയായിരുന്നുവെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മുദ്ഗല്‍ കമ്മിറ്റ് കോടതിയില്‍ സീല്‍ വച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ആര്‍ക്കും ലഭ്യമല്ല. ഒത്തുകളി നടത്തിയ കളിക്കാരുടെ പേരുവിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്.

ധോണിയുടെ ഉടമസ്ഥതയിലുള്ള വിവിധ ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വിവിധ ബിസിനസ് താല്‍പര്യങ്ങളെക്കുറിച്ചും റിറ്റി സ്‌പോര്‍ട്‌സ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ ഏര്‍ലൈന്‍സ് ജീവനക്കാരനായ അരുണ്‍ പാണ്ടെയിലേക്കും സംശയങ്ങള്‍ നീളുന്നുണ്ട്. ധോണി അദ്ദേഹവുമായി മൂന്ന് വര്‍ഷത്തേക്ക് 200 കോടിയുടെ കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ പണം എവിടുന്ന് ലഭിച്ചു എന്നത് സംശയകരമാണ്.

ധോണി ഈ കമ്പനിയുടെ 30,000 ഓഹരി വാങ്ങിയെന്നും പിന്നിട് ഒരു മാസത്തിന് ശേഷം അത് തിരിച്ചു നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാപ്റ്റന്റെ ബിസിനസ് താല്‍പര്യത്തിനൊപ്പം മറ്റ് സഹതാരങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ക്കൂടി നോക്കേണ്ടതുണ്ട്.

മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന മൂന്നാമത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ്. അദ്ദേഹം ഏകദിനത്തിലെ ഒരു പ്രധാനപ്പെട്ട ഇന്ത്യന്‍ കളിക്കാരനാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയിലാണ് സംഭവം നടക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ ഒരു യുവതി വന്നിരുന്നെന്നും ഇത് “ഹണി ട്രാപ്പാ”ണെന്നും ആന്റി കറപ്ക്ഷന്‍ യൂണിറ്റ് ബി.സി.സി.ഐയെ അറിയിച്ചിരുന്നു.

ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്ന ഒരു കളിക്കാരനും വാതുവയ്പ്പ് നടത്തിയിട്ടുണ്ടെന്ന അനുമാനവുമുണ്ട്.