ന്യൂദല്‍ഹി: 2019 ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടാനിരിക്കെ ചെന്നെെയുടെ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ പ്രശംസ കൊണ്ട് മൂടി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം മാത്യു ഹെയ്ഡന്‍. ധോണി ഒരു കളിക്കാരന്‍ മാത്രമല്ലെന്നും, ക്രിക്കറ്റിലെ ഒരു യുഗം തന്നെയാണെന്നും ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.
‘നിങ്ങള്‍ക്ക് ധോണിയെ അറിയാം. അദ്ദേഹം ഒരു കളിക്കാരന്‍ മാത്രമല്ല. ക്രിക്കറ്റിലെ ഒരു യുഗം തന്നെയാണ്. തെരുവ് ക്രിക്കറ്റ് ടീമിന്റെ നായകനായാണ് ഞാന്‍ ധോണിയെ കരുതാറ്. അദ്ദേഹം ഞങ്ങളിലൊരാളാണ്. അദ്ദേഹം എന്തിനും പോന്നവനാണ്’- സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിക്കിടെ ഹെയ്ഡന്‍ പറഞ്ഞു.
ധോനിയെ പോലൊരാളുടെ കീഴില്‍ കളിക്കുമ്പോള്‍ കളിക്കാര്‍ക്ക് ശാന്തമായി കളിക്കാമെന്നും, ധോണി ഒരു രാജ്യത്തിന്റെ തന്നെ തലവനെപ്പോലെയാണെന്നും ഹെയ്ഡന്‍ പറയുന്നു.
‘ധോണിയെ പോലൊരാള്‍ നയിക്കാനുണ്ടെങ്കില്‍ നമ്മള്‍ വളരെ ശാന്തരമായിരിക്കും. അത് കൊണ്ട് തല ധോണി എന്ന് പറയുമ്പോള്‍ അദ്ദേഹം ശരിക്കും ചെന്നെയുടെ നേതാവു തന്നെയാണ്. അദ്ദേഹം രാജ്യത്തിന്റെ തന്നെ നേതാവിനെ പോലെയാണ്’- ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ സഹതാരം കൂടിയായിരുന്നു മാത്യു ഹെയ്ഡന്‍
ഇന്ന് രാത്രി 7:30നാണ് ചെന്നൈയും മുംബൈയും തമ്മിലുള്ള ഫൈനല്‍. ഐ.പി.എല്‍ മത്സരങ്ങളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ടു ടീമുകളാണ് ചെന്നൈയും മുംബൈയും. ചെന്നൈ എട്ടു തവണ ഫൈനല്‍ കളിച്ചപ്പോള്‍ മുംബൈ നാലു തവണയാണ് കിരീടപോരാട്ടത്തിനിറങ്ങിയത്.
ഒന്നാം ക്വാളിഫയറില്‍ ചെന്നൈയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിലെത്തിയത്. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്.