കല്ല്യാണി: മൈതാനത്ത് ഝാര്‍ഖണ്ഡിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അന്തിമ നേട്ടം ജമ്മു-കാശീരിനായിരുന്നു കഴിഞ്ഞദിവസം. ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിച്ചിട്ടില്ലാത്ത ഉത്തേര്യന്തന്‍ ടീമിന് കഴിഞ്ഞ ദിവസം തങ്ങളുടെ സംശയങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കും മറുപടി നല്‍കിയത് മുന്‍ ഇന്ത്യന്‍ നായകനും ഝാര്‍ഖണ്ഡിന്റെ നായകനുമായ എം.എസ് ധോണിയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരിക്കല്‍ സാക്ഷാല്‍ സച്ചിനും ജമ്മു താരങ്ങള്‍ക്ക് പ്രചോദനവും ഉപദേശവും നല്‍കാനായി അവരുടെ ഡ്രംസിംഗ് റൂമിലെത്തിയിരുന്നു. സച്ചിന്റെ ടീമായ മുംബൈയെ രഞ്ജിയില്‍ അട്ടിമറിച്ചതിന് പിന്നാലെയായിരുന്നു അത്. സമാനമായ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം മത്സര ശേഷം ജമ്മു-കാശ്മീര്‍ ഡ്രസിംഗ് റൂം കടന്നു പോയത്.
മത്സരശേഷം ജമ്മു ടീമിന്റെ നായകന്‍ പര്‍വ്വേസ് റസൂലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചായിരുന്നു ക്യാപ്റ്റന്‍ കൂള്‍ താരങ്ങളെ കാണാന്‍ ഡ്രസിംഗ് റൂമിലെത്തിയത്.
” ക്രിക്കറ്റിന്റെ കാര്യത്തില്‍ മാഹി ഭായ് എന്തു സഹായവും ചെയ്യും. അതാണ് സ്വഭാവം. അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിയുന്നത് വലിയ അവസരമാണ്. അദ്ദേഹത്തൊടൊപ്പം ഞാന്‍ കൡച്ചതു കൊണ്ട് തന്നെ പറയാന്‍ കഴിയും, നല്ലൊരു മനുഷ്യനാണ് അദ്ദേഹം.” റസൂല്‍ പറയുന്നു.
” മത്സരശേഷം താരങ്ങളോടൊപ്പം അഞ്ചുമിനുറ്റ് സംസാരിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. കേട്ട പാടെ നേരെ ഡ്രസിംഗ് റൂമിലേക്ക് വരികയായിരുന്നു.:” ധോണിയ്‌ക്കൊപ്പം കളിക്കാന്‍ സാധിച്ചിട്ടുള്ള റസൂല്‍ കൂട്ടിച്ചേര്‍ത്തു.
മിക്ക യുവതാരങ്ങളും ധോണിയെ നേരില്‍ കാണുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. ടീമിലെ റിസര്‍വ്വ് വിക്കറ്റ് കീപ്പറായ രമണ്‍ താപ്ലൂവാവട്ടെ മാഹിയുടെ കട്ട ഫാനും. സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിമിഷമായിരുന്നു രമണിനത്.
മിഡില്‍ ഓഡര്‍ ബാറ്റ്‌സ്മാനായ ഇയാന്‍ ദേവ് സിംഗിനും ധോണിയുടെ ഉപദേശം പ്രചോദനമായി. എല്ലാ താരങ്ങള്‍ക്കും മോശം സമയമുണ്ടാകുമെന്നും അത്തരം സമയങ്ങളിലാണ് കൂടുതല്‍ പരിശീലനം വേണ്ടതെന്നും നെറ്റ്‌സില്‍ വളരെ ഗൗരവ്വമായി തന്നെ പരിശീലനം നടത്തണമെന്നുമായിരുന്നു മാഹിയുടെ ഉപദേശം.
ബൗളര്‍മാരുടെ കരുത്തിനെ മനസ്സിലാക്കാനും അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനുമായിരുന്നു ബാറ്റ്‌സ്മാന്മാര്‍ക്ക് ധോണിയുടെ വക സ്‌പെഷ്യല്‍ ടിപ്പ്. എം.എസുമായുള്ള ഇന്ററാക്ഷന്‍ യുവതാരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് പര്‍വ്വേസ് പറഞ്ഞു.
പതിനഞ്ചു മിനുറ്റോളം ജമ്മു-കാശ്മീര്‍ ടീം ഡ്രസിംഗ് റൂമില്‍ ചെലവഴിച്ച ശേഷമാണ് ധോണി മടങ്ങിയത്. മോശം ഫോമിലുള്ള ടീമിന് ക്യാപ്റ്റന്‍ കൂളിന്റെ വാക്കുകള്‍ വലിയ ആശ്വാസമാകും.