|

സ്റ്റംപിംഗില്‍ ധോണിയ്ക്ക് 'സെഞ്ച്വറി'; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 239 റണ്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഏകദിന ക്രിക്കറ്റില്‍ 100 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ താരമെന്ന റെക്കോഡ് മഹേന്ദ്രസിംഗ് ധോണിയ്ക്ക്. ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ യുഷ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ അഖില ധനഞ്ജയയെയാണ് ധോണി പുറത്താക്കിയത്.

ഇതിനുമുമ്പ് ഒരു വിക്കറ്റ് കീപ്പറും 100 എന്ന മാന്ത്രികസംഖ്യയിലെത്തിയിട്ടില്ല. ശ്രീലങ്കന്‍ മുന്‍നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാര 99 പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കിയിട്ടുണ്ട്.

44-ാം ഓവറിന്റെ അവസാനപന്തിലാണ് ധോണി ചരിത്രനേട്ടത്തിലെത്തിയത്. 301 മത്സരങ്ങളിലാണ് ധോണിയുടെ നേട്ടം.


Also Read: ‘കാത്തു കാത്തിരുന്നൊരു മറുപടി’; നടുറോഡില്‍ മധ്യവയസ്‌കനെ മര്‍ദ്ദിച്ച റായിഡുവിന് മറുപടിയുമായി ഹര്‍ഷ ഗോയങ്കെ


അതേ സമയം അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക 49.4 ഓവറില്‍ 238 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ഭുവന്വേശര്‍ കുമാര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ നാലിലും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ഏകദിനത്തില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. കെ.എല്‍.രാഹുല്‍, ഹര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ധവാന്‍ എന്നിവര്‍ക്ക് പകരമായി രഹാനെ, ജാദവ്, ഭുവനേശ്വര്‍, ചഹല്‍ എന്നിവരാണ് ടീമില്‍.

2014ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യ 5-0ത്തിന് ലങ്കയെ തകര്‍ത്തിരുന്നു. വീണ്ടും ചരിത്രം ആവര്‍ത്തിക്കാനാണ് കോഹ് ലിയും സംഘവും ശ്രമിക്കുന്നത്. ലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസിന് പകരം നായകന്‍ ഉപുല്‍ തരംഗ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.