ബെംഗളൂരു: തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ മുന്‍ ഇന്ത്യന്‍ ക്യാപ്റ്ന്‍ ധോണിയുടെ മികവില്‍ ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സുപ്പര്‍ കിംങ്സിന് മിന്നും ജയം. നായകന്‍ ധോണിയും അമ്പാട്ടി റായിഡും നിറഞ്ഞാടിയ മത്സരത്തില്‍ 5 വിക്കറ്റിനാണ് ധോണിപ്പട വിജയം സ്വന്തമാക്കിയത്. 205 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ 5 വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ജയം നേടിയത്. 2 പന്തില്‍ 5 ജയിക്കാനുണ്ടായിരുന്നപ്പോള്‍ സിക്‌സ് അടിച്ച് ധോണി ഫിനിഷ് ചെയ്യുകയായിരുന്നു.
തുടക്കം മുതലെ അടിച്ചു കളിച്ച ചെന്നൈയ്ക്ക് ശക്തമായ അടിത്തറയാണ് അമ്പാട്ടി റായിഡു നല്‍കിയത്. 53 പന്തില്‍ 82 റണ്‍സുമായാണ് റായിഡു ഗ്രൗണ്ട് വിട്ടത്. റായിഡു പുറത്തായ ശേഷം രണ്ടോവറില്‍ 30 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ മുഹമ്മദ് സിറാജിന്റെ ഓവറില്‍ 14 റണ്‍സ് നേടി അവസാന ഓവറിലെ ലക്ഷ്യം 16 ആക്കി മാറ്റി. ആദ്യ നാല് പന്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിനെ അഞ്ചാം പന്തില്‍ ധോണി സിക്‌സര്‍ പറത്തിയപ്പോള്‍ അവസാന പന്തില്‍ തുടരെ മൂന്ന് വൈഡുകള്‍ എറിഞ്ഞ സിറാജിനെതിരെ ഡബിള്‍ ഓടി ലക്ഷ്യം ഒരോവറില്‍ 16 റണ്‍സായി.
എംഎസ് ധോണി 34 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറില്‍ കോറെ ആന്‍ഡേഴ്‌സണെ ബൗണ്ടറി കടത്തി ഡ്വെയിന്‍ ബ്രാവോയും ഒപ്പം കൂടി. മൂന്നാം പന്തില്‍ സിക്‌സര്‍ പറത്തി ധോണി ചെന്നൈയെ വീണ്ടുമൊരു ത്രില്ലര്‍ വിജയത്തിലേക്ക് നയിച്ചു. ബ്രാവോ 7 പന്തില്‍ 14 റണ്‍സ് നേടി ധോണിയ്ക്ക് മികച്ച പിന്തുണ നല്‍കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധസെഞ്ച്വറി നേടിയ ഡികോക്കിന്റെയും (37 പന്തില്‍ 53 റണ്‍സ്) ഡിവില്ലിയേഴ്സിന്റെയും (30 പന്തില്‍ 68 റണ്‍സ്) ബാറ്റിങ്ങ് മികവിലാണ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
അഞ്ചാം ഓവറില്‍ തന്നെ 15 പന്തില്‍ 18 റണ്‍സുമായി ക്യാപ്റ്റന്‍ കോലി മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡികോക്ക്-ഡിവില്ലിയേഴ്സ് സഖ്യം ബാംഗ്ലൂരുവിന് മികച്ച അടിത്തറ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒരു ഘട്ടത്തില്‍ സ്‌കോര്‍ 220 കടക്കുമെന്ന് തോന്നിയെങ്കിലും ഡികോക്കും ഡിവില്ലിയേഴ്സും മടങ്ങിയതോടെ ബാംഗ്ലൂരുവിന്റെ റണ്‍റേറ്റ് അല്‍പം കുറഞ്ഞു. ചെന്നൈയ്ക്കായി താക്കൂര്‍, ബ്രോവോ, താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.