| Monday, 22nd May 2017, 3:48 pm

'നമുക്ക് ഹര്‍ഷ് ഗോയങ്കേയുടെ കാട്ടിലെ സിംഹത്തിന് വേണ്ടി രണ്ട് മിനുട്ട് മൗനം ആചരിക്കാം'; ഐ.പി.എല്‍ കിരീടം കൈവിട്ട പൂനെ ടീമുടമയെ പൊങ്കാലയിട്ട് ധോണി ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഐ.പി.എല്‍ പത്താം പൂരത്തിന് കൊടിയിറങ്ങിയപ്പോള്‍ കപ്പുയര്‍ത്തിയത് മുംബൈ ഇന്ത്യന്‍സാണ്. തോറ്റത് സഞ്ജീവ് ഗോയങ്കയുടെ പൂനെയാണെങ്കിലും തോറ്റതിന് സോഷ്യല്‍മീഡിയയുടെ “കുത്ത്” കൊണ്ടത് സഹോദരന്‍ ഹര്‍ഷ് ഗോയങ്കയ്ക്കാണ്.

ഐ.പി.എല്‍ തുടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഹര്‍ഷ് ധോണിയെ ട്വിറ്ററിലൂടെ ആക്രമിക്കാന്‍. ധോണിയല്ല സ്മിത്താണ് കാട്ടിലെ യഥാര്‍ഥ സിംഹമെന്ന അദ്ദേഹത്തിന്റെ ട്വീറ്റ് ധോണിയാരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നതും അതാണ് കാട്ടിലെ സിംഹത്തിന് കപ്പെടുക്കാന്‍ കഴിഞ്ഞില്ലേന്ന്.

മത്സരത്തിലെ പൂനെയുടെ വിജയത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ സഹകളിക്കാരനായിരുന്ന രവീന്ദ്ര ജഡേജയുടെ അപരന്‍ ട്വീറ്റ് ചെയ്തതിങ്ങനെയാണ് “നമുക്ക് ഹര്‍ഷ് ഗോയങ്കേയുടെ കാട്ടിലെ സിംഹത്തിന് വേണ്ടി രണ്ട് മിനുട്ട് മൗനം ആചരിക്കാം”. കാട്ടിലെ യഥാര്‍ത്ഥ രാജാവ് സ്മിത്താണെന്നായിരുന്നു ഹര്‍ഷിന്റെ പ്രസ്താവനകളില്‍ ധോണി ആരാധകരെ ഏറെ ചൊടിപ്പിച്ചത്.

തന്നെ കളിയാക്കിയ ഹര്‍ഷിനെ ധോണി പറ്റിച്ചെന്നും ട്രോളന്മാര്‍ കളിയാക്കുന്നുണ്ട്. ധോണിയെ അപമാനിച്ചതിനാലാണ് പൂനെയ്ക്ക് കപ്പ് കിട്ടാത്തതെന്നും ധോണി ആരാധകര്‍ പറയുന്നുണ്ട്.

കലാശപ്പോരാട്ടത്തില്‍ പൂനെയെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയത്. പൂണെയാണ് തുടക്കം മുതല്‍ കളിപിടിച്ചതെങ്കിലും അവസാന നിമിഷം കിരീടം വഴുതി പോയി.

മുംബൈയെ 20 ഓവറില്‍ 129 റണ്‍സിന് തളച്ചിട്ട പൂണെ രണ്ടാം ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെയുടെയും സ്റ്റീവ് സ്മിത്തിന്റെയും മികച്ച ഇന്നിങ്‌സോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇവരൊഴികെ മറ്റാരും മത്സരത്തില്‍ പൂണെക്ക് വേണ്ടി തിളങ്ങിയില്ല. പൂണെ കളി 20 ഓവറില്‍ 128 റണ്‍സിന് അവസാനിപ്പിച്ചു. അവസാന ഓവറില്‍ 13 റണ്‍സ് വേണ്ടിയിരുന്ന പൂണെക്ക് 9 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റും നേടിയ മിച്ചല്‍ ജോണ്‍സാണ് കപ്പ് മുംബൈലേക്കെത്തിച്ചത്.

We use cookies to give you the best possible experience. Learn more