| Thursday, 31st August 2023, 10:29 pm

ധോണിയുടെ പയ്യന്‍ ! ബംഗ്ലാദേശിനെ തകര്‍ത്ത് ലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച് ശ്രീലങ്ക. ലോക സ്‌കോറിങ് മാച്ചില്‍ അഞ്ച് വിക്കറ്റിനായിരുന്നു ലങ്കന്‍ വിജയം.

42.4 ഓവറില്‍ 164 റണ്‌സ് ബംഗ്ലാദേശ് നേടിയപ്പോള്‍ 39 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക വിജയിക്കുകയായിരുന്നു. 92 പന്തില്‍ 62 റണ്‍സുമായി ചരിത് അസലങ്ക പുറത്താകാതെ നിന്നു. സദീര സമരവിക്രമ 54 റണ്‍സ് നേടിയിരുന്നു. നേരത്തെ ബംഗ്ലാദേശിനായി 89 റണ്‍സ് നേടിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റൊ അല്ലാതെ മറ്റാരും തിളങ്ങിയില്ല.

122 പന്ത് നേരിട്ടാണ് ഷാന്റൊ 89 റണ്‍സ് സ്വന്തമാക്കിയത്. ഏഴ് ഫോറാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. തൗഹിദ് ഹ്രിദോയ് (20), മുഷ്ഫിഖര്‍ റഹിം (13) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും ബംഗ്ലാ നിരയില്‍ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

യുവ പേസ് സെന്‍സേഷന്‍ മതീഷ പതിരാനയാണ് ബംഗ്ലാ കടുവകളുടെ നടുവൊടിച്ചത്. നാല് ബംഗ്ലാദേശ് ബാറ്റര്‍മാരായൊണ് ആ 20 വയസുകാരന്‍ പവലിയനില്‍ എത്തിച്ചത്. 7.4 ഓവര്‍ എറിഞ്ഞ് 32 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് സ്വന്തമാക്കിയത്.

ബംഗ്ലാ നായകന്‍ ശാകിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹിം, ടസ്‌കിന്‍ അഹ്‌മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നവരയാണ് പതിരാന പുറത്താക്കിയത്. ലങ്കക്കായി മഹേഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നായകന്‍ ദസുന്‍ ഷനക, ദുനിത് വെല്ലലാഗെ ധനന്‍ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പതിരാനയുടെ മികച്ച പ്രകടനത്തില്‍ ഏറെ സന്തോഷിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെടും തൂണുമായ എം.എസ്. ധോണിയുടെ ആരാധകരാണ്. മലിംഗയുടെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ള പതിരാനയെ സി.എസ്.കെയിലെത്തിച്ചത് ധോണിയാണ്.

തന്റെ കരിയറില്‍ വലിയ മാറ്റംകൊണ്ടുവന്നത് ധോണിയാണെന്ന് പതിരാന പറഞ്ഞിരുന്നു. ധോണിയില്‍ നിന്നും താന്‍ ഒരുപാട് പഠിച്ചിച്ചിട്ടുണ്ടെന്നും താരം തുറന്നു സമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ പതിരാന തിളങ്ങിയപ്പോള്‍ സി.എസ്.കെ ആരാധകരാണ് പ്രശംസിച്ച് രംഗത്തെത്തുന്നത്. ശ്രീലങ്കയ്ക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന ബൗളറാണ് പതിരാന.

താരത്തിന്റെ കരിയറിലെ ബ്രേക്ക്ത്രൂവാണ് സി.എസ്.കെയിലെത്തിയത്. ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ താരത്തെ പുകഴ്ത്തുന്ന ഒരുപാട് സി.എസ്.കെ ഫാന്‍സിനെ കാണാം.

സെപ്റ്റംബര്‍ ആറിന് അഫ്ഗാനിസ്ഥാനെതിരെയാണ് ലങ്കയുടെ അടുത്ത മത്സരം. ആ മത്സരം കൂടെ വിജയിച്ച് സൂപ്പര്‍ ഫോറിലേക്ക് കടക്കാനായിരിക്കും ലങ്ക ശ്രമിക്കുക.

Content Highlight: Dhoni Fans Praises Matheesha Pathirana as he performed Well in Asia Cup

We use cookies to give you the best possible experience. Learn more