ഐ.പി.എല്ലില്‍ ഇന്നലെ ചെന്നൈ ഗുജറാത്തിനെ 63 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമാണ് നേടിയത്. ശിവം ദുബെയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോറിലെത്തിയത്. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും ശിവം സ്വന്തമാക്കി.
വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്തിനു വേണ്ടി സായി സുദര്‍ശന്‍ 31 പന്തില്‍ നിന്ന് 37 റണ്‍സും ഡേവിഡ് മില്ലര്‍ 16 പന്തില്‍ നിന്ന് 21 റണ്‍സ് ഓപ്പണര്‍ വൃദ്ധിമാന്‍സാഹ 17 പന്തില്‍ നിന്ന് 21 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തി. എന്നിരുന്നാലും ചെന്നൈ ബൗളിങ് നിരക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ടൈറ്റന്‍സിന് കഴിഞ്ഞില്ല.
ചെന്നൈക്ക് വേണ്ടി ദീപക് ചാഹര്‍, മുസ്തഫിസൂര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ് പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഡാരില്‍ മിച്ചലും മതീഷ പതിരാന ഓരോ വിക്കറ്റുകളും നേടി.
മത്സരത്തില്‍ ഏറെ ശ്രദ്ധേയമായത് എം.എസ്. ധോണിയുടെ ഒരു കിടിലന്‍ കീപ്പര്‍ ക്യാച്ച് ആണ്. ധോണിയുടെ ഐതിഹാസികമായ ക്യാച്ചില്‍ വിജയ് ശങ്കറിനെ പുറത്താക്കിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
ചെയ്‌സിങ്ങില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 55 റണ്‍സ് നേടിയപ്പോള്‍ ഏഴാം ഓവറിന്റെ മൂന്നാമത്തെ പന്തിലായിരുന്നു സംഭവം. ഡാരില്‍ മിച്ചല്‍ വിജയ് ശങ്കറിനെതിരെ എറിഞ്ഞ പന്ത് എഡ്ജ് ആവുകയും തേഡ് മാനിലേക്ക് തെറിക്കുകയും ചെയ്തു. എന്നാല്‍ പരിക്കും പ്രായവും പോലും വകവെക്കാതെ ആയിരുന്നു ധോണി ഫുള്‍ സ്ട്രച്ചില്‍ പന്തിനായി കുതിച്ചത്. ഗ്രൗണ്ടില്‍ തന്റെ രണ്ടു മുട്ടും ഇടിച്ച് ലാന്‍ഡ് ചെയ്തപ്പോള്‍ പന്ത് കയ്യില്‍ ഉണ്ടായിരുന്നു.
2023 ഐ.പി.എല്‍ സീസണില്‍ ധോണി അവസാന ഘട്ടത്തില്‍ പരിക്കിന്റെ പിടിയിലായിരുന്നു. ഇതേത്തുടര്‍ന്ന് കാല്‍മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടി വരെ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ സീസണില്‍ ധോണി പരിക്കും പ്രായവും ഒന്നും നോക്കാതെയാണ് കളിക്കുന്നത്. അത്രയും എനര്‍ജറ്റിക് ആണ് ധോണി.
ക്യാപ്റ്റന്‍സി ഒഴിഞ്ഞതു മുതല്‍ ഈ സീസണില്‍ ധോണി ഐ.പി.എല്‍ വിട്ട് ക്രിക്കറ്റിനോട് വിട പറയുന്നു എന്ന ദുഃഖകരമായ വാര്‍ത്തയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണിനേടിയത്.
Content Highlight: Dhoni dismissed Vijay Shankar with a brilliant keeper catch