| Saturday, 15th August 2020, 10:35 pm

ധോണി മാന്യമായ വിരമിക്കല്‍ അര്‍ഹിക്കുന്നുണ്ട്; കമാല്‍ വരദൂര്‍ എഴുതുന്നു

കമാൽ വരദൂർ

ഒരു ലോകകപ്പ് ജയം കൂടി എന്ന മോഹം ബാക്കിവെച്ചാണ് ധോണി വിരമിക്കുന്നത്. ധോണിയുടെ വിരമിക്കലിലേക്ക് വരുമ്പോള്‍ അവസാനത്തെ ലോകകപ്പ് സെമിയയെക്കുറിച്ച് പറയേണ്ടിവരും. അദ്ദേഹത്തിന്റെ വലിയൊരു മോഹമായിരുന്നു ഒരു ലോകകപ്പ് ജയം കൂടി. അത് അദ്ദേഹം അവസാന ലോകകപ്പിനു മുമ്പ് പറഞ്ഞിരുന്നു.

ശരിക്കും നമ്മുടെ ചരിത്രത്തില്‍ ധോണിക്ക് മാത്രമുള്ള കുറേ റെക്കോര്‍ഡുകളുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് രണ്ട് ലോകകപ്പുകള്‍, 2007 ലെ ടി-ട്വന്റി വേള്‍ഡ് കപ്പ്, 2011 ലെ ഏകദിന വേള്‍ഡ് കപ്പ്, എന്നിവ സമ്മാനിച്ച നായകനാണ് ധോണി.

2019 ല്‍ നടന്ന ലോകകപ്പില്‍ അദ്ദേഹം മത്സരിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ല. അദ്ദേഹത്തെ ടീമിലെടുക്കുന്ന സമയത്ത് തന്നെ ധാരാളം വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ക്യാപ്റ്റന്‍ കോഹ്ലിയുടെയും സെലക്ഷന്‍ കമ്മിറ്റിയുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.

ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്യപ്പെട്ടില്ല എന്ന വാദപ്രതിവാദങ്ങള്‍ അന്നുണ്ടായിരുന്നു. വണ്‍ ഡൗണ്‍ ആയിട്ടോ, അല്ലെങ്കില്‍ ഫോര്‍ത്ത് ഓര്‍ സിക്‌സ് റോളില്‍ അദ്ദേഹം ഏറ്റവും നല്ലതാണ്.

ലോകകപ്പിലെ ബാറ്റിംഗ് ലൈനപ്പ് അത് ആവശ്യപ്പെടുന്നതുമായിരുന്നു.

അപ്പോള്‍ അദ്ദേഹത്തെ പ്രമോട്ട് ചെയ്യേണ്ടിയിരുന്നു. എന്നാല്‍ പ്രമോട്ട് ചെയ്തില്ല. അങ്ങനെ മത്സരങ്ങളില്‍ അദ്ദേഹത്തിന് മികച്ച അവസരങ്ങള്‍ കിട്ടിയില്ല. അങ്ങനെ സെമിഫൈനല്‍ വരുന്നു. സെമിയില്‍ ഏറ്റവും നിര്‍ണ്ണായക ഘട്ടം. അതായത് ന്യൂസിലാന്റിനെതിരെ വളരെ പെട്ടെന്ന് കുറേ പേര്‍ ഔട്ടാകുന്നു. എല്ലാ പ്രതീക്ഷയും അങ്ങനെ ധോണിയിലേക്ക് വരുന്നു.

ധോണിയും രവീന്ദ്ര ജഡേജയും തമ്മിലൊരു പാര്‍ട്ണര്‍ഷിപ്പ് വരുന്നു. പക്ഷെ അവസാനം ഇന്ത്യ ജയിക്കും എന്ന ഘട്ടത്തിലാണ് അദ്ദേഹം റണ്‍ ഔട്ട് ആകുന്നത്. അങ്ങനെ ഇന്ത്യ തോല്‍ക്കുകയാണ് ആ കളി. ആ കളിക്ക് ശേഷം നിര്‍ഭാഗ്യവശാല്‍ ധോണിക്ക് പിന്നീട് കാര്യമായ മത്സരങ്ങളൊന്നുമുണ്ടായിട്ടില്ല.

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീം കുറേ മത്സരങ്ങള്‍ കളിച്ചു. എന്നാല്‍ ആ മത്സരങ്ങളിലൊന്നും അദ്ദേഹത്തെ സെലക്ട് ചെയ്തില്ല. അതിന് ശേഷം കോച്ച് രവിശാസ്ത്രി പറഞ്ഞ ഒരു കാര്യം നമുക്ക് ധോണിക്ക് ശേഷവും കളിക്കാന്‍ ആള് വേണം എന്നാണ്.

കാരണം ഈ വര്‍ഷത്തെ ടി ട്വന്റി ലോകകപ്പ് ഉദ്ദേശിച്ചാണ് ആ സംസാരം നടന്നത്. അപ്പോഴും ആ ചിത്രത്തിലേക്ക് ധോണി വന്നില്ല. അദ്ദേഹം ശരിക്കും അകന്നുപോയി. ലോകകപ്പിന് ശേഷം അദ്ദേഹം കശ്മീരിലേക്ക് പോകുന്നു. അവിടെ ടെറിറ്റോറിയല്‍ ആര്‍മി എന്ന രീതിയില്‍ സുരക്ഷാ സേനയിലേക്ക് പോകുന്നു.

പിന്നീട് നമ്മള്‍ കേള്‍ക്കുന്നത് കുറേ കാലത്തേക്ക് അദ്ദേഹം നമ്മുടെ ടീമിലേക്കില്ല എന്നതാണ്. ഏറ്റവും വലിയ വിവാദം ഈയടുത്തിടെ നടന്നത് ഓസ്‌ട്രേലിയയില്‍ നടന്ന ടി-20 ടീമിലേക്ക് അദ്ദേഹത്തെ എടുക്കുമോ എന്നുള്ളതായിരുന്നു. അത് അദ്ദേഹത്തിന് വിരമിക്കാനുള്ള അവസരമാണെന്ന് പറയുകയും ചെയ്തിരുന്നു.

പിന്നീട് കൊവിഡ് സാഹചര്യങ്ങളിലേക്ക് മാറി. ഇനി ഇപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്.

എന്തായാലും അദ്ദേഹത്തെ പുതിയൊരു സാഹചര്യത്തില്‍, മത്സരിക്കാന്‍ ക്ഷണിക്കുമോ എന്ന കാര്യം നിശ്ചയമില്ല. കാരണം ചില ഈഗോസ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഫോളോ ചെയ്യുന്നവരാണെങ്കില്‍ കൃത്യമായിട്ടറിയാം, ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാന്‍ ഗാംഗുലിയാണ്.

അദ്ദേഹവും ധോണിയും തമ്മില്‍ അത്ര നല്ല ബന്ധമല്ല, പ്രൊഫഷണലി അവര്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാംഗുലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്‌നങ്ങളൊക്ക അവിടെ നിലനിന്നിരുന്നു. പിന്നെ നമുക്കറിയാം യുവരാജ് പറഞ്ഞ ചില വാക്കുകള്‍, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞ ചില വാക്കുകള്‍, ഇതൊക്കെ നമുക്കറിയാവുന്ന കാര്യങ്ങളാണ്.

ഗാംഗുലി ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ ഒരു തിരിച്ചുവരവ് എളുപ്പമല്ലെന്ന് ധോണിക്ക് അറിയാം. ആകെയൊരു പ്രതീക്ഷ ഈ ടി ട്വന്റി ലോകകപ്പായിരുന്നു. അതിലൊന്ന് പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷം കൂടി കഴിഞ്ഞേ അദ്ദേഹം വിരമിക്കമായിരുന്നുള്ളുവെന്ന് തോന്നുന്നു. സുരേഷ് റെയ്‌ന ഈയടുത്തിടെ പറഞ്ഞിരുന്നു, ധോണി ഒരു രണ്ട് വര്‍ഷം കൂടി കഴിഞ്ഞേ വിരമിക്കലിനെപ്പറ്റി ആലോചിക്കുള്ളുവെന്ന്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തലവന്‍ എന്‍ ശ്രീനിവാസന്‍ പറഞ്ഞത് രണ്ട് വര്‍ഷം വരെ അതായത് 2022 വരെ ടീമിന്റെ ക്യാപ്റ്റന്‍ ധോണി തന്നെയാണ് എന്ന്. അപ്പോഴെല്ലാം നമ്മള്‍ കരുതിയത് അദ്ദേഹം ലൈവായി ക്രിക്കറ്റില്‍ തന്നെയുണ്ടാകുമെന്നാണ്.

എനിക്ക് തോന്നുന്നു അദ്ദേഹത്തിന് ഒരു നിര്‍ദ്ദേശം വന്നിട്ടുണ്ടായിരിക്കാം. കാരണം സീനിയര്‍ ക്രിക്കറ്റര്‍മാരുടെ വിരമിക്കല്‍ എല്ലാം തന്നെ വിവാദമായിരുന്നു. കപില്‍ ദേവിന്റെയും ഗവാസ്‌കറുടെയും സമാനമായിരുന്നു. കാരണം ഇവരോടൊക്കെ ഇത് നിങ്ങളുടെ ലാസ്റ്റ് മാച്ച് ആണെന്ന് ആര് പറയും എന്ന ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്. എനിക്ക് തോന്നുന്നു ഗാംഗുലി അല്ലെങ്കില്‍ രവി ശാസ്ത്രി ആരെങ്കിലും ധോണിക്ക് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടാകും ഈ കൊവിഡ് സീസണില്‍ ഇങ്ങനൊരു തീരുമാനം.

പക്ഷേ ഒരു ഔദ്യോഗിക വിരമിക്കല്‍ അര്‍ഹിക്കുന്ന താരമാണ് അദ്ദേഹം. ഒരു വിക്കറ്റ് കീപ്പര്‍ ഏറ്റവും ശക്തനായി മുന്‍നിരയിലേക്ക് വരുന്നുവെന്നത് ചെറിയ കാര്യമല്ല. നമുക്കറിയാം ആദ്യാവസാനം മൈതാനത്ത് നില്‍ക്കുന്ന ആളാണ് ഒരു വിക്കറ്റ് കീപ്പര്‍.

അപ്പോഴും ഉണ്ടായ വിവാദം അദ്ദേഹം ഒരു പെര്‍ഫെക്ട് വിക്കറ്റ് കീപ്പറല്ല. കൃത്യമായ ക്രിക്കറ്റ് വേരുകള്‍ ഒന്നുമില്ലാത്ത റാഞ്ചിയില്‍ നിന്ന് ക്രിക്കറ്റിന്റെ മുന്‍നിരയിലേക്ക് വന്ന ആളാണ് ധോണി. അതില്‍ നിന്നും അദ്ദേഹം നായക സ്ഥാനത്തേക്ക് വരുന്നു.

ധാരാളം പുതിയ താരങ്ങള്‍ക്ക് അദ്ദേഹം അവസരം നല്‍കിയിട്ടുണ്ട്. മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രമല്ല എവിടെ നിന്നും ക്രിക്കറ്റിലേക്ക് വരാം എന്ന കാര്യം ജീവിതത്തിലൂടെ വ്യക്തമാക്കിയ ആളാണ് അദ്ദേഹം. അങ്ങനെയുള്ള അദ്ദേഹം ഒരു മാന്യമായ റിട്ടയര്‍മെന്റ് അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അത് നല്‍കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Dhoni deserves decent retirement; Kamal Varadoor writes

കമാൽ വരദൂർ

We use cookies to give you the best possible experience. Learn more