രണ്ടു ഫോര്‍മാറ്റുകളിലും ഐ.സി.സിയുടെ ലോക കിരീടങ്ങള്‍ ഇന്ത്യക്കായി സമ്മാനിച്ച “ക്യാപ്റ്റന്‍ കൂളിന്” തലയെടുപ്പോടെ പദവി ഒഴിയാന്‍ എറ്റവും അനുയോജ്യമായ സമയവും ഇത് തന്നെയാണ്.
ന്യൂദല്‍ഹി: സച്ചിന്‍ ടെഡുല്‍ക്കറിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു സൂര്യന്‍ കൂടി അസ്തമിക്കുകയാണ്. ലോക ക്രിക്കറ്റിലെ മികച്ചഫിനിഷര്‍ എന്ന പേരിനുടമയായ മഹേന്ദ്രസിംഗ് ധോണി തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതും മികച്ച അവസരത്തില്‍ തന്നെയാണ്. ടീമില്‍ അംഗമായി തുടരാന്‍ തയ്യാറാണെന്നു പറഞ്ഞുകൊണ്ടാണ് ധോണി ഏകദിന, ട്വന്റി 20 ക്യാപ്റ്റന്‍സി ഒഴിയുന്നത്.
Also read നോട്ട് നിരോധനം: അസാധുവായത് സര്‍ക്കാര്‍ വാദങ്ങള്‍: 97ശതമാനം നോട്ടുകളും തിരിച്ചെത്തി
രണ്ടു ഫോര്‍മാറ്റുകളിലും ഐ.സി.സിയുടെ ലോക കിരീടങ്ങള്‍ ഇന്ത്യക്കായി സമ്മാനിച്ച “ക്യാപ്റ്റന്‍ കൂളിന്” തലയെടുപ്പോടെ പദവി ഒഴിയാന്‍ എറ്റവും അനുയോജ്യമായ സമയവും ഇത് തന്നെയാണ്. പിന്‍ഗാമിയെ ബി.സി.സി.ഐ പ്രഖ്യാപിച്ചില്ലെങ്കിലും ടെസ്റ്റ് നായകനായ കോഹ്ലിക്ക് കീഴില്‍ തന്നെയാകും ഇനി ഇന്ത്യന്‍ ടീമിറങ്ങുക. 2019ല്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ അണിയിച്ചൊരുക്കാന്‍ പുതിയ ക്യാപ്റ്റനും സിലക്ടര്‍മാര്‍ക്കും സമയം നല്‍കുന്നതാണ് ധോണിയുടെ ഈ തീരുമാനം.
കളിക്കളത്തില്‍ ഒരിക്കല്‍പ്പോലും രേഷാകുലനാവാത്ത ധോണിക്കു കീഴില്‍ മൂന്ന് ഐ.സി.സി കിരീടങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫിയും ധോണി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യയിലെത്തി.
2004ല്‍ ബംഗ്ലാദേശിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി 2007ല്‍ രാഹുല്‍ ദ്രാവിഡില്‍ നിന്നു നായകത്വം ഏറ്റെടുത്തത് മുതല്‍ ഇന്ത്യന്‍ സംഘത്തെ വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. “മഹി” എന്ന വിളിപ്പേരില്‍ ഡ്രെസ്സിംഗ് റൂമില്‍ സീനിയര്‍ ജൂനിയര്‍ വിത്യാസമില്ലാതെ സംഘാഗങ്ങള്‍ക്ക് മുഴുവന്‍ പ്രചോദനമായി തീര്‍ന്ന ധോണി ജാര്‍ഘണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂളിലേക്ക് ഉയര്‍ന്നു വന്നത്.
കുട്ടിക്കാലത്ത് ബാഡ്മിന്റണേയും ഫുട്‌ബോളിനെയും സ്‌നേഹിച്ച ധോണി ഇവ രണ്ടിലും ക്ലബ്ബ് തലത്തില്‍ കളിച്ചു വളരുകയും ജില്ലാ ടീമിലംഗമാവുകയും ചെയ്തിരുന്നു. ഫുട്‌ബോള്‍ ടീമില്‍ ഗോള്‍ വലയിലായിരുന്നു ധോണിയുടെ സ്ഥാനം. മികച്ച ഗോളിയായിരുന്ന ധോണി തന്റെ ഫുട്‌ബോള്‍ കോച്ചിന്റെ നിര്‍ദ്ദേശപ്രകാരമാണ് ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായിരുന്നു ധോണിയെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം. 1995-98 കാലഘട്ടത്തില്‍ കമാന്‍ഡോ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്ഥിരം വിക്കറ്റ് കീപ്പറായി ധോണി മാറി.
ഇന്ത്യന്‍ ടീമിലെത്തുന്നതിനുമുമ്പ് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോമായ ഖരാഗ്പൂറില്‍ റെയില്‍വേയിലെ ടി.ടി.ഇ ആയിരുന്നു മഹേന്ദ്രസിംഗ് ധോണി. ധോണിയെ ഇന്നു കാണുന്ന തരത്തിലുള്ള ക്രിക്കറ്ററാക്കി മാറ്റിയതില്‍ മുന്‍ ഓസീസ് താരവും കോച്ചുമായിരുന്ന ഗ്രെഗ് ചാപ്പലിനുള്ള സ്ഥാനം വിസ്മരിക്കാവുന്നതല്ല.
ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ കൊണ്ട് ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ധോണിയുടെ 12 വര്‍ഷം നീളുന്ന കരിയര്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്നതായിരുന്നു വിജയങ്ങള്‍ മാത്രം ശീലമാക്കിയ നായകനായിരുന്നു ലോക ക്രിക്കറ്റില്‍ ധോണി. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രമായിരുന്നില്ല ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗസിനെയും വിജയങ്ങളിലേക്ക് നയിച്ച ചരിത്രമാണ് ക്യാപ്റ്റന്‍ കൂളിനുള്ളത്.
199 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധോണിക്കു കീഴില്‍ 110 വിജയങ്ങളായിരുന്നു ഇന്ത്യ നേടിയത്. 74 മത്സരം പരാജയപ്പെട്ടപ്പോള്‍ 4 സമനിലയും 11 മത്സരങ്ങളില്‍ ഫലമില്ലാതാകുകയും ചെയ്തു. ട്വന്റി 20യില്‍ 72 മത്സരങ്ങളില്‍ 41ലും ജയം ഇന്ത്യക്കായിരുന്നു. 28 തോല്‍വിയും ഒരു സമനിലയും ഫലമില്ലാത്ത രണ്ടു മത്സരങ്ങളും ക്യാപ്റ്റന്‍ കൂളിനു പിന്നില്‍ ഇന്ത്യ പൂര്‍ത്തിയാക്കി.