Cricket news
ചെന്നൈ മത്സരത്തിന് ശേഷം ജഡേജയോട് കലിപ്പായി ധോണി; കാരണമന്വേഷിച്ച് നെറ്റിസെണ്‍സ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 20, 06:23 pm
Saturday, 20th May 2023, 11:53 pm

ശനിയാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ വലിയ മാര്‍ജിനില്‍ വിജയിച്ച് ഐ.പി.എല്‍ 2023 സീസണിലെ പ്ലേ ഓഫില്‍ രണ്ടാമതെത്താന്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനായിരുന്നു.

77 റണ്‍സിനാണ് ദല്‍ഹിക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 224 റണ്‍സ് പിന്തുടര്‍ന്ന ദല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതിന്റെ സന്തോഷത്തിലാണിപ്പോള്‍ ചെന്നൈ ആരാധകര്‍.

എന്നാല്‍ ഇതിനിടയിലും ചെന്നൈ ആരാധകരെ നിരാശരാക്കുന്ന ഒരു വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. നായകന്‍ എം.എസ്. ധോണി മുന്‍ നായകന്‍ രവീന്ദ്ര ജഡേജയോട് കയര്‍ത്ത് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

 
 


മത്സരം അവസാനിച്ച് നിമിഷങ്ങള്‍ക്കകമാണ് സംഭവം. ധോണി ജഡേജയോട് കയര്‍ത്ത് സംസാരിക്കുന്നതും, ഒട്ടും തൃപ്തനല്ലാത്ത ശരീര ഭാഷയില്‍ ജഡേജ മറുപടി പറയുന്നതുമാണ് വീഡിയോയിലുള്ളത്.

രണ്ട് കളിക്കാര്‍ക്കിടയിലും ഭിന്നതയുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളതെങ്കിലും ഇരുവരും എന്താണ് സംസാരിച്ചതെന്നതിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മത്സരത്തില്‍ ജഡേജ നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയിരുന്നു. ഇതായിരിക്കാം ധോണിയുടെ കലിപ്പിന് കാരണമെന്നുള്ള അഭ്യൂഹങ്ങളും എയറിലുണ്ട്.