| Wednesday, 12th July 2023, 3:58 pm

സാക്ഷിയുടെ ആഗ്രഹം കേട്ടപ്പോള്‍ വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നതെന്നാണ് ഞാന്‍ പറഞ്ഞത്: ധോണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധോണി എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ ധോണി, സാക്ഷി ധോണി നിര്‍മിക്കുന്ന ചിത്രം എല്‍.ജി.എം. ഓഡിയോ, ട്രെയ്‌ലര്‍ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസില്‍ നടന്നു. ധോണി എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ആദ്യ നിര്‍മാണ സംരംഭം വിശിഷ്ട അതിഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നില്‍ ലോഞ്ച് ചെയ്തത് ധോണിയും സാക്ഷി ധോണിയും ചേര്‍ന്നാണ്. രമേശ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് കല്യാണ്‍, ഇവാന, നാദിയ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും രമേശ് തമിഴ്മണിയാണ്.

താന്‍ സിനിമ കണ്ടെന്നും ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ചിത്രമെന്നും ധോണി പറഞ്ഞു. ‘സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നതെന്നാണ്. ആദ്യം ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞാല്‍ പിന്നീട് അത് മാറ്റാന്‍ കഴിയില്ല. ഒരു തീരുമാനം എടുത്ത് മുന്നോട്ട് പോകണം. ബാക്കി എല്ലാം മറന്നുകൊണ്ട് തന്നെ മുന്നോട്ട് പോകണം. അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീര്‍ക്കുവാന്‍ കഴിഞ്ഞത്.

ഞാന്‍ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രൂവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു എന്റെ ആവശ്യം. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്.

എന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ ഞാന്‍ നേടിയത് ചെന്നൈയിലാണ്. ചെന്നൈയില്‍ എനിക്ക് അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. സിനിമ കുറച്ച് സമയത്തിനുള്ളില്‍ വരും. അത് രസകരമായിരിക്കും,’ ധോണി പറഞ്ഞു.

ഒരുപാട് സുഹൃത്തുക്കള്‍ക്കും ചുറ്റുപാടുമുള്ളവര്‍ക്കും സിനിമയിലേതുപോലെയുള്ള സാഹചര്യങ്ങള്‍ പൊതുവെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാക്ഷി പറഞ്ഞു. ‘സിനിമയെ കുറിച്ച് പറയുമ്പോള്‍ എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്കും നമ്മുടെ ചുറ്റുപാടുമുള്ളവര്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ പൊതുവെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചു, എന്തുകൊണ്ട് ഇത് സിനിമയാക്കിക്കൂടാ?

ഈ ചിത്രം തമിഴില്‍ നിര്‍മിക്കാന്‍ കാരണം ധോണിയാണ്. ഞങ്ങളുടെ ആദ്യ സിനിമയായതിനാല്‍ തമിഴില്‍ ചെയ്യാന്‍ ആഗ്രഹിച്ചു. ഈ സിനിമയ്ക്ക് മാത്രമല്ല, ബാക്കിയുള്ള പ്രോജക്റ്റുകള്‍ക്കും ഞങ്ങള്‍ക്ക് ഇതുപോലൊരു തുടക്കം ആവശ്യമാണ്. അങ്ങനെയുള്ള തുടക്കം ലഭിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ചെന്നൈ,’ സാക്ഷി പറഞ്ഞു.

ധോണിയോടും സാക്ഷിയോടും നന്ദി പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ രമേഷ് തമിഴ്മണി തുടങ്ങിയത്. ‘ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍ സമ്മര്‍ദമോ ടെന്‍ഷനോ ഇല്ലായിരുന്നു. ഈ ചിത്രത്തിന്റെ ആശയം സാക്ഷി മാഡത്തില്‍ നിന്നാണ് വന്നത്, ഞങ്ങള്‍ ഇത് എങ്ങനെ നിര്‍മിക്കും എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എല്‍.ജി.എം ഒരു ഫണ്‍ ചിത്രമാണ്. വളരെ നല്ല ടീമിന് നന്ദി, അത് ഈ സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു.

ലോകത്തുള്ള എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ഞങ്ങളുടെ കഥ. എല്ലാവരും ഇത് അനുഭവിച്ചിട്ടുണ്ടാകും. സാക്ഷി മാഡം ഓരോ ഷോട്ടും നോക്കും. മൂന്ന് നാല് വട്ടം തിരക്കഥ ഞങ്ങള്‍ മാറ്റി എഴുതിയിരുന്നു. ധോണി സാര്‍ ഒരിക്കലും സെറ്റില്‍ വന്നിട്ടില്ല, പക്ഷേ അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കി. റിസള്‍ട്ട് എന്തുമാകട്ടെ വിഷമിക്കേണ്ട, എന്നാല്‍ നിങ്ങള്‍ പിന്തുടരുക എന്ന് അദ്ദേഹം പറഞ്ഞു,’ രമേശ് പറഞ്ഞു.

പി.ആ.ഒ. – ശബരി

Content Highlight: dhoni and sakshi dhoni about lgm

We use cookies to give you the best possible experience. Learn more