പൂനെ: നായകസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എസ് ധോണി തന്നെയാണ് ഇന്നും ടീം ഇന്ത്യയെ നയിക്കുന്നതെന്ന് ക്രിക്കറ്റ് ലോകത്തിന് അറിയുന്ന കാര്യമാണ്. നായകന്‍ വിരാടിനും മറ്റ് താരങ്ങള്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ധോണി കളിയാരാധകര്‍ക്ക് പ്രിയപ്പെട്ട കാഴ്ച്ചകളിലൊന്നാണ്. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്റ് മത്സരവും അത്തരം നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയ്ക്കും കേദാര്‍ ജാദവിനും ധോണി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ ഓഡീയോ സ്റ്റമ്പ് മൈക്കില്‍ പതിയുകയായിരുന്നു. കളിയുടെ ഗതിയേയും എതിര്‍ ടീം ത്ാരങ്ങളേയും പഠിക്കുന്നതില്‍ ധോണിയേക്കാള്‍ മികവുള്ള മറ്റൊരാളില്ലെന്നതിന്റെ തെളിവാണ് ഈ ഓഡിയോ.
കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ക്രീസില്‍ ഒന്നാം ഏകദിനത്തിലെ ഹീറോകളായ റോസ് ടെയ്‌ലറും ടോം ലാതവുമായിരുന്നു. തുടക്കത്തില്‍ ഭുവിയും ബുംറയും നല്‍കിയ സമ്മര്‍ദ്ദത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും. ഇന്ത്യയ്ക്കായി പന്തെറിയുന്നത് കേദാര്‍ ജാദവും. ആദ്യ ഏകദിനത്തില്‍ പന്തെറിയാന്‍ സാധിക്കാത്തതിന്റെ ക്ഷീണം കേദാര്‍ തീര്‍ക്കുന്നുണ്ടായിരുന്നു.
ഇതിനിടെ കൃത്യമായി കേദാറിനെ ഗൈഡ് ചെയ്യുകയായിരുന്നു ധോണി. ” കൊള്ളാം കേദൂ, ഇത് നിനക്കുള്ളതാണ്. ഇവനെതിരെ ഈ ഡെലിവറി നല്ലതാണ്. ഓരോ മൂന്നാമത്തെ പന്തും ഇതുപോലെറിയണം.” ധോണി പറയുന്നു. പിന്നീട് ടെയ്‌ലര്‍ അല്‍പ്പമൊന്ന് മുന്നോട്ട് വരുമെന്ന് തോന്നിയ ഘട്ടത്തില്‍ വീണ്ടും ധോണിയെത്തി. ” അവന് വേണ്ട പോലെ കളിക്കട്ടെ” എന്നായിരുന്നു തലയുടെ നിര്‍ദ്ദേശം.
തൊട്ട് പിന്നാലെ ടെയ്‌ലര്‍ സിംഗിളിനായി ശ്രമിച്ചപ്പോള്‍ ഫീല്‍ഡരോട് ധോണി പറഞ്ഞത് ഒരു റണ്‍സ് മാത്രം, എന്നായിരുന്നു. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഈ വാക്കുകള്‍ യുവതാരങ്ങളെ നന്നായി സഹായിച്ചിട്ടുണ്ടെന്നത് വ്യക്തം. വീണ്ടും കേദാറിന് ധോണി നിര്‍ദ്ദേശം നല്‍കുന്നതും സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞു. ” ഇങ്ങനെ തന്നെ എറിഞ്ഞോളൂ, ഇതുപോലെ എറിഞ്ഞാല്‍ പിന്നെ അത് ബാറ്റ്‌സ്മാന്റെ തലയില്‍ കേറിക്കോളും, ഇനി മെല്ലെ എറിയുന്നത് തുടരൂ..” ബാറ്റ്‌സ്മാന്റെ മാനസിക നില വരെ ധോണി കൃത്യമായി അളക്കുന്നു.
ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ വിരാടിന് ധോണി നിര്‍ദ്ദേശം നല്‍കുന്നതും മൈക്കില്‍ പതിഞ്ഞിട്ടുണ്ട്. വിരാടിനെ ചീക്കു എന്നു ധോണി വിളിക്കുന്നതും ഓഡിയോയിലുണ്ട്. അനുസരണയുള്ള കുട്ടിയെ പോലെ വിരാട് അനുസരിക്കുകയും ചെയ്യുന്നു. ഈ പരസ്പര ധാരണയും സൗഹൃദവുമാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിജയം.