അവന്‍ ഒരു 'ഡ്രഗ്' പോലെയാണ്, പക്വതയോടെ ഞാനവനെ കണ്ടിട്ടില്ല; ഓള്‍റൗണ്ടര്‍ താരത്തെക്കുറിച്ച് ധോണി
Cricket news
അവന്‍ ഒരു 'ഡ്രഗ്' പോലെയാണ്, പക്വതയോടെ ഞാനവനെ കണ്ടിട്ടില്ല; ഓള്‍റൗണ്ടര്‍ താരത്തെക്കുറിച്ച് ധോണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th July 2023, 4:52 pm

വര്‍ഷങ്ങളോളം സി.എസ്.കെയില്‍ ഒരുമിച്ച് സഹതാരങ്ങളായവരാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയും ഓള്‍റൗണ്ടര്‍ ദീപക് ചാഹറും. തന്റെ ക്രിക്കറ്റ് ജീവിതകാലത്ത് ചാഹറിനെ ഒരിക്കലും പക്വമായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അവനൊരും ‘ലഹരി’ പോലെയാണെന്നും തമാശരൂപേണ പറയുകയാണിപ്പോള്‍ ധോണി.

തന്റെ നിര്‍മാണ കമ്പനിയായ ധോണി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച ‘ലെറ്റ്സ് ഗെറ്റ് ഗെറ്റ് മാരീഡ്’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ചിങ്ങിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധോണി.

‘ദീപക് ചഹാര്‍ ഒരു ശരിക്കും ഒരു ഡ്രഗ് പോലെയാണ്. അവന്‍ നമ്മുടെ അടുത്ത് ഇല്ലെങ്കില്‍, നമ്മള്‍ ചിന്തിക്കും അവന്‍ അടുത്ത് ഉണ്ടായിരുന്നെങ്കിലെന്ന്. അവനടുത്ത് ഉണ്ടെങ്കില്‍ നമ്മള്‍ കരുതും, ഇവനെന്താണ് ഇവിടെയെന്ന്. അവനെ ഞാനിതുവരെ പക്വതയോടെ കണ്ടിട്ടില്ല(ചിരിക്കുന്നു),’ എം.എസ്. ധോണി പറഞ്ഞു.

 

ഇന്ത്യക്കായി 19 ഏകദിനത്തിലും 24 ടി- ട്വന്റിയിലും ചാഹര്‍ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 16 വിക്കറ്റും 489 റണ്‍സും നേടിയ താരം ടി-20യില്‍ 29 വിക്കറ്റും 709 റണ്‍സും നേടിയിട്ടുണ്ട്. ഐ.പി.എല്ലിലാണ് ചാഹറിന്റെ മികച്ച കരിയറുള്ളത്.

 

ഐ.പി.എല്ലില്‍ 73 ഇന്നിങ്‌സില്‍ 72 വിക്കറ്റും 2019 റണ്‍സും നേടാന്‍ ചാഹറിനായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഐ.പി.എല്‍ പതിനാറാം സീസണിന്റെ തുടക്കത്തില്‍ മൂന്ന് മത്സരങ്ങള്‍ ദീപക് ചാഹറിന് നഷ്ടമായിരുന്നു. ഏപ്രില്‍ എട്ടിന് പരിക്കേറ്റ താരം പിന്നാലെ പരിക്ക് മാറി മെയ് മൂന്നിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

അതേസമയം, ധോണി നിര്‍മിക്കുന്ന ‘ലെറ്റ്സ് ഗെറ്റ് മാരീഡ്'(എല്‍.ജി.എം)ന്റെ ഒഫിഷ്യല്‍ ടീസര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ധോണിയും പങ്കാളി സാക്ഷി സിങ്ങും ചേര്‍ന്ന് ബുധനാഴ്ചയാണ് ടീസര്‍ പുറത്തുവിട്ടിരുന്നത്.

രമേഷ് തമിഴ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരീഷ് കല്യാണ്‍, ഇവാന, നദിയ മൊയ്തു എന്നിവരാണ് ‘ലെറ്റ്‌സ് ഗെറ്റ് മാരീഡി’ല്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

 

Content Highlight: Dhoni about on the all-rounder Deepak Chahar