| Tuesday, 1st October 2024, 9:20 am

ആ ഗായികയുടെ ശബ്ദത്തില്‍ വളരെ വേദനയുണ്ട്; ഞാന്‍ ഇടക്ക് ആ പാട്ട് കേട്ട് കരയാറുണ്ട്: എ.ര്‍.എം മ്യൂസിക് ഡയറക്ടര്‍ ദിബു നൈനാന്‍ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് ഹിറ്റ് തമിഴ് ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച വ്യക്തിയാണ് ദിബു നൈനാന്‍ തോമസ്. മലയാളിയായ ഇദ്ദേഹം എന്നാല്‍ മലയാള സിനിമ മേഖലയില്‍ ശ്രദ്ധിക്കപ്പെടുന്നത് ജിതില്‍ ലാല്‍ സംവിധാനം ചെയ്ത അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലൂടെയാണ്. മൂന്ന് കാലഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റ് ആണ്.

അജയന്റെ രണ്ടാം മോഷണത്തിലെ അന്ന് വാന കോണില് എന്ന ഗാനം ആലപിച്ചത് വൈക്കം വിജയലക്ഷ്മിയാണ്. വൈക്കം വിജയലക്ഷ്മിയെ കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ദിബു നൈനാന്‍ തോമസ്. തനിക്ക് വളരെ ഇഷ്ടമുള്ള ശബ്ദമാണ് വിജയലക്ഷ്മിയുടേതെന്നും അവരുടെ ശബ്ദത്തില്‍ വളരെ പെയിന്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

താന്‍ കൂടുതലും ഇമോഷന്‍സ് ഉള്ള ശബ്ദങ്ങളാണ് എടുക്കാന്‍ നോക്കാറുള്ളതെന്നും സ്വന്തം പാട്ടുകള്‍ കേട്ട് കരയാറുണ്ടെന്നും ദിബു പറയുന്നു. എ.ആര്‍.എമ്മിലെ അങ്ങ് വാന കോണില്‍ എന്ന ഗാനം വളരെ വേഗം ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആ പാട്ട് പാടാന്‍ ആദ്യം തീരുമാനിച്ചത് തന്നെ വൈക്കം വിജയലക്ഷ്മിയെയാണ്. എന്റെ വായാടി പെത്ത പുള്ളെ എന്ന പാട്ട് ഇതിന് മുമ്പ് അവര്‍ പാടിയിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഗായികയാണവര്‍. ഞാന്‍ കൂടുതലും ഇമോഷന്‍സ് ഉള്ള ശബ്ദങ്ങളാണ് എടുക്കാന്‍ നോക്കാറുള്ളത്. ശബ്ദത്തില്‍ ഒരു സത്യസന്ധത വേണം എന്നൊക്കെ എനിക്ക് നിര്‍ബന്ധമുണ്ട്.

അവര്‍ പാടി ആ പാട്ട് കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. വളരെ ഇഷ്ടമുള്ള ശബ്ദമാണവരുടേത്. അവരുടെ വോയ്സില്‍ ഒരു പെയിന്‍ എപ്പോഴും ഉണ്ടാകും. വളരെ സോള്‍ഫുള്‍ ആണവരുടെ ശബ്ദം.

ഞാന്‍ എന്റെ സ്വന്തം പാട്ടുകളൊക്കെ കേട്ട് കരയും. അജയന്റെ രണ്ടാം മോഷണത്തിലെ പാട്ടുകേട്ടും ഇമോഷണലായി. കേട്ടുകരയുന്നതിനേക്കാള്‍ കൂടുതല്‍ അത് കംപോസ് ചെയ്യുന്ന സമയത്ത് ഇമോഷണല്‍ ആയിപ്പോകും. ചിലസമയത്ത് നല്ലൊരു പാട്ട് ക്രാക്ക് ആകും. അപ്പോള്‍ ഞാന്‍ ഈശ്വരനോട് നന്ദി പറയും. എ.ആര്‍.എമ്മിലെ അങ്ങ് വാന കോണില്‍ എന്ന ഗാനം വളരെ വേഗം ചെയ്തതാണ്,’ ദിബു നൈനാന്‍ തോമസ് പറയുന്നു.

Content Highlight: Dhibu Ninan Thomas Talks About Vaikom Vijayalakshmi And Song in A.R.M Movie

We use cookies to give you the best possible experience. Learn more