കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പോടെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി തങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചവരാണ് കോമള്‍ തട്ടാലും ധീരജുമൊക്കെ. ഐ.എസ്.എല്‍ സീസണ്‍ ആരംഭിച്ചപ്പോള്‍ എല്ലാവരും ശ്രദ്ധിച്ചത് ഈ കൗമാര താരങ്ങളെ ആര് സ്വന്തമാക്കുമെന്നായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നതായിരുന്നു ധീരജ് ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം നടത്താന്‍ തീരുമാനിച്ചെന്ന വാര്‍ത്ത.
ബ്ലാസ്റ്റേഴ്സിനെ തെരഞ്ഞെടുക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ധീരജ് ഇപ്പോള്‍. അത് മറ്റൊന്നുമല്ല കേരളത്തിന്റെ പരിശീലകന്‍ ഡേവിഡ് ജയിംസാണെന്ന് ധീരജ് പറയുന്നു. “നേരത്തെ മുന്‍നിര ക്ലബുകളുടെ ഗോള്‍ കീപ്പറായിരുന്ന ജയിംസിന്റെ മത്സര പരിചയവും പരിശീലന മികവും തന്റെ പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെയാണ് ധീരജ് ബ്ലാസ്റ്റേഴ്സിലെത്തിയിരിക്കുന്നത്. ആദ്യം സമീപിച്ചതും ബ്ലാസ്റ്റേഴ്സായിരുന്നു.” ധീരജ് പറയുന്നു.
ഡല്‍ഹിക്കെതിരായ മത്സരത്തിന്റെ ഗ്യാലറിയില്‍ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയില്‍ ടീമംഗങ്ങളോടൊപ്പം ധീരജിനെ കണ്ടപ്പോള്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി സൂപ്പര്‍ താരത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. പക്ഷെ യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ ക്ലബുകളിലേക്ക് ട്രയല്‍സിനു ക്ഷണം ലഭിച്ചിട്ടുള്ള താരമായ ധീരജ് സിംഗ് ഐ ലീഗ് ക്ലബായ ഇന്ത്യന്‍ ആരോസുമായുള്ള കരാര്‍ തീര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്യന്‍ ട്രയല്‍സിനു മുന്‍പ് പരിശീലനത്തിനു വേണ്ടി മാത്രമാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്.
പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്കു വേണ്ടി കളിച്ച താരമാണ് ഡേവിഡ് ജയിംസ്. ഇംഗ്ലണ്ടിനായും വല കാത്തിട്ടുള്ള താരം ഒരു ലോകകപ്പിലും പങ്കെടുത്തിട്ടുണ്ട്. ലിവര്‍പൂളിനൊപ്പം ഇംഗ്ലീഷ് ലീഗ് കപ്പും പോര്‍ട്സ്മൗത്തിനൊപ്പം എഫ്എ കപ്പും ജയിംസ് സ്വന്തമാക്കിയിട്ടുണ്ട്. ഈ അനുഭവസമ്പത്ത് തനിക്ക് ഉപകാരമാകുമെന്നാണ് ധീരജ് കരുതുന്നത്.