| Wednesday, 12th January 2022, 8:07 am

ധീരജിന് കണ്ണീരോടെ വിട; മൃതദേഹം സംസ്‌കരിച്ചു, പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന് നാട് കണ്ണീരോടെ വിടചൊല്ലി. ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു.

തളിപ്പറമ്പ് പട്ടപ്പാറയിലെ ധീരജിന്റെ വീടിനോട് ചേര്‍ന്നുള്ള സി.പി.ഐ.എം വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്. ധീരജിന്റെ സഹോദരന്‍ അദ്വൈതാണ് ചിതയ്ക്ക് തീകൊളുത്തിയത്.

ഇടുക്കിയില്‍ നിന്ന് ഉച്ചയോടെ പുറപ്പെട്ട വിലാപയാത്ര രാത്രി ഒരു മണിയോടെയാണ് കണ്ണൂര്‍ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായിരുന്നു സാഹചര്യം. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളിയുമായി ഒരു നാട് മുഴുവന്‍ ധീരജിന് വിടചൊല്ലാനെത്തിയിരുന്നു.

മകന്റെ വിയോഗത്തില്‍ കരഞ്ഞ് തളര്‍ന്നുപോയ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. മന്ത്രിമാരായ എം.വി. ഗോവിന്ദന്‍, പി. രാജീവ്, സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ഇ.പി. ജയരാജന്‍, കെ.വി. സുമേഷ്, ടി.വി. രാജേഷ് തുടങ്ങിയ നേതാക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.

അതേസമയം, ധീരജിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇടുക്കി ജ്യുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതികളെ കഴിഞ്ഞ ദിവസം വൈകീട്ട് കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു.

കൊലക്കുറ്റത്തിനാണ് നിഖിലിനെതിരേ കേസെടുത്തിരിക്കുന്നത്. വധശ്രമം, സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

തെളിവെടുപ്പിനും കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമര്‍പ്പിക്കും. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത.

കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേലിനെ പറവൂരിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights:  Dheeraj’s body was cremated and the accused will be produced in court today

We use cookies to give you the best possible experience. Learn more