| Saturday, 2nd September 2023, 12:59 pm

ധീരജ് വധക്കേസ്; ഒന്നാം പ്രതി നിഖില്‍ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്. തൊടുപുഴ കോടതിയാണ് നിഖില്‍ പൈലിക്കായുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസ് വിളിക്കുമ്പോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖില്‍ പൈലി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അറസ്റ്റ് വാറണ്ട് നിലനില്‍ക്കെയാണ് ഇയാള്‍ പുതുപ്പള്ളിയില്‍ യു.ഡി.എഫ് പ്രചാരണത്തിന് എത്തിയതെന്നാണ് വിവരം. നിഖില്‍ പൈലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി കേസ് അടുത്ത മാസം നാലിലേക്ക് മാറ്റി. കൊലക്കേസ് പ്രതിയായ നിഖില്‍ പൈലി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി പുതുപ്പള്ളിയില്‍ എത്തിയത് ഡി.വൈ.എഫ്.ഐ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു.ഡി.എഫ് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്നായിരുന്നു ഡി.വൈ.എഫ്.ഐ ഇന്നലെ പറഞ്ഞത്.

എന്നാല്‍ നിഖില്‍ പൈലി പുതുപ്പള്ളിയില്‍ യു.ഡി.എഫ് പ്രചാരണം നയിക്കുന്നതിനെ ന്യായീകരിക്കുകയായിരുന്നു സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. നിഖില്‍ പൈലി വന്നതില്‍ എന്താണ് തെറ്റെന്നും നിഖില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടില്ലെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്.

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതക കേസിലെ ഒന്നാംപ്രതിയായ പിണറായി വിജയന് ജെയ്ക്കിന് വേണ്ടി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് വരാമെങ്കില്‍ തനിക്ക് പങ്കെടുക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് നിഖില്‍ പൈലിയുടെ പ്രതികരണം. പിണറായി വിജയനെയും എം.എം മണിയേയും പി. ജയരാജനെയും വീട്ടിലിരുത്തിയിട്ട് പോരെ കോണ്‍ഗ്രസിനെ ഉപദേശിക്കാനെന്നും നിഖില്‍ പൈലി ചോദിച്ചിരുന്നു.

കൊലക്കേസില്‍ പ്രതിയായ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ വൈസ് ചെയര്‍മാനായി നിഖില്‍ പൈലിയെ നിയമിച്ചത്. ഔട്ട്റീച്ച് സെല്‍ ദേശീയ ചെയര്‍മാന്‍ ചാണ്ടി ഉമ്മനാണ് ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്.

ധീരജ് കൊലക്കേസില്‍ നിഖില്‍ പൈലിയടക്കം എട്ട് പ്രതികളാണുള്ളത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ പുറത്തുനിന്നെത്തിയ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.

Content Highlight: Dheeraj murder Case Nikhil Paili Arrest Warrant

We use cookies to give you the best possible experience. Learn more