| Tuesday, 11th January 2022, 12:57 pm

ധീരജ് കൊലക്കേസ്: അന്വേഷണം നടത്താന്‍ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇടുക്കി എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിന്റെ കൊലപാതകത്തില്‍ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു.

കൊലപാതകത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അവകാശമില്ലെന്നും കൊലക്കത്തി ആദ്യം താഴെ വേക്കെണ്ടത് സി.പി.ഐ.എം ആണെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാര്‍ മുഴുവന്‍ കോളേജിലേയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകളാക്കി മാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ്. തീപ്പന്തം കാണിച്ച് ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

രക്തദാഹിയായ രാഷ്ട്രീയക്കാരനാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹിം നേരത്തെ പറഞ്ഞിരുന്നു. ഒരു കൗമാരക്കാരനെ കൊന്നുകളഞ്ഞ കോണ്‍ഗ്രസിന് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്ന് റഹിം പറഞ്ഞു.

ഗുണ്ടായിസത്തിലൂടെ കേരളത്തെ കൈപ്പിടിയിലൊതുക്കാനാണ് കെ. സുധാകരന്‍ ശ്രമിക്കുന്നതെന്നും റഹിം പറഞ്ഞിരുന്നു.

അതേസമയം, ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളായ പ്രതികളുടെ അറസ്റ്റ് ചൊവ്വാഴ്ച്ച രേഖപ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.

കൊലപാതകത്തില്‍ ഇരുവരുടേയും പങ്ക് വ്യക്തമായെന്നും ഇരുവരും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായ എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നുണ്ട്. എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ധീരജിന് സംസ്‌കാരം ഇന്ന് കണ്ണൂരിലെ വീട്ടില്‍ നടക്കും. സി.പി.ഐ.എം ഇടുക്കി ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായിട്ടായിരിക്കും നാട്ടിലേക്ക് കൊണ്ടുപോവുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Dheeraj murder case: Congress forms committee to probe

We use cookies to give you the best possible experience. Learn more