| Monday, 7th February 2022, 9:20 pm

പ്രൊഡക്ഷനില്‍ സംഭവിക്കാവുന്ന നഷ്ടം ടൊവിക്കറിയാം, ഒരു പരാതിയുമില്ലാതെ അഭിനയിച്ചു, ആ നിമിഷത്തില്‍ ഒരു നടനെന്ന നിലയില്‍ ബഹുമാനം തോന്നി: ധീരജ് ഡെന്നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി സിനിമകളില്‍ ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങിയ ധീരജ് ഡെന്നി നായകനായ ചിത്രമാണ് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗ്’. 2017 ല്‍ വൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ധീരജ് ‘കല്‍ക്കി’, ‘എടക്കാട് ബറ്റാലിയന്‍’, ‘വാരിക്കുഴിയിലെ കൊലപാതകം’ എന്നീ ചിത്രങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ടൊവിനോ തോമസിന്റേയും നിവിന്‍ പോളിയുടെയും കസിന്‍ കൂടിയാണ് ധീരജ്.

ടൊവിനോയ്‌ക്കൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോള്‍ സന്തോഷം തോന്നിയെന്നും ഫൈറ്റ് സീനുകളില്‍ പരിക്ക് പറ്റുമ്പോഴും ഒരു പരാതിയുമില്ലാതെ അഭിനയിക്കുന്ന ടൊവിനോയെ കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ടെന്നും ധീരജ് പറഞ്ഞു. ഡൂള്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ധീരജിന്റെ പ്രതികരണം.

‘എടക്കാട് ബറ്റാലിയനില്‍ ഞങ്ങള്‍ ശത്രുക്കളായിരുന്നു. അതില്‍ വെള്ളത്തില്‍ വെച്ച് ഫൈറ്റ് ഉണ്ടായിരുന്നു. ടൊവിനോക്ക് അന്ന് നല്ല ആരോഗ്യമുള്ള സമയമാണ്. എന്നെ പൊക്കിയെടുത്ത് വെള്ളത്തിലേക്ക് ഇട്ടു. ഞാന്‍ കാലും കയ്യും നേരെ അങ്ങ് കുത്തി. വെള്ളത്തിന്റെ അടിയില്‍ മൂര്‍ച്ചയുള്ള കോറല്‍സ് ഉണ്ട്. കുത്തിയപ്പോള്‍ കയ്യൊക്കെ മുറിഞ്ഞു പോയി.

അയ്യോ കൈ മുറിഞ്ഞല്ലോടാ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ ടൊവിയുടെയും കൈയ്യും കാലും മുറിഞ്ഞിരിക്കുകയാണ്. ചെറിയ ഫസ്റ്റ് എയ്ഡ് വെച്ചാല്‍ പോകുന്ന മുറിവല്ല, മൊത്തം പൊളിഞ്ഞിരിക്കുന്നു. അതും പറഞ്ഞ് അഞ്ച് മിനിട്ട് മാറി നിന്നാല്‍ പ്രൊഡക്ഷനില്‍ സംഭവിക്കാവുന്ന നഷ്ടം ടൊവിക്കറിയാം.

അവന്‍ ഒരു പരാതിയുമില്ലാതെ അഭിനയിക്കുകയാണ്. അതൊക്കെ കണ്ടുപഠിക്കേണ്ട കാര്യങ്ങളാണ്. ആ നിമിഷത്തില്‍ ടൊവിനോയോട് ഒരു നടനെന്ന നിലയില്‍ എനിക്കൊത്തിരി ബഹുമാനം തോന്നി,’ ധീരജ് പറഞ്ഞു.

ടൊവിനോയ്‌ക്കൊപ്പം കല്‍ക്കിയിലെ അനുഭവങ്ങളും ധീരജ് പങ്കുവെച്ചു.

‘കല്‍ക്കിയില്‍ അഭിനയിച്ചപ്പോള്‍ കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ കാരണം അവന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന്. അതുപോലെ ടൊവിക്കൊപ്പം അഭിനയിക്കുന്നതില്‍ എക്സൈറ്റഡുമായിരുന്നു. ടൊവിനോക്ക് വേണ്ടി കല്‍ക്കിയിലെ ഇന്‍ട്രോ സീനൊക്കെ തയാറാക്കുന്നത് കണ്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു.

ഒരുമിച്ചുള്ള സീനുകള്‍ വന്നപ്പോള്‍ ടൊവിയെ ഒരു പോലീസുകാരനായാണ് ഞാന്‍ കണ്ടത്. അവന്‍ എന്നെ ഗോവിന്ദന്‍ (കഥാപാത്രം) ആയി കണ്ടു. കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ ഞങ്ങള്‍ പഴയതുപോലെ ധീരജും ടൊവിയുമാകും. തോളത്ത് കയ്യിട്ട് സംസാരിക്കും.

എന്റെ ഗോവിന്ദന്‍ എന്ന കഥാപാത്രം കല്‍ക്കിയിലെ ടൊവിയുമായി നല്ല അടുപ്പമുള്ള ആളാണ്. യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയായതുകൊണ്ട് എളുപ്പമായിരുന്നു ചെയ്യാന്‍. ചിത്രത്തില്‍ ഗ്യാസ്‌കുറ്റി പൊട്ടിത്തെറിക്കുന്ന ഒരു രംഗമുണ്ട്.

അതിനിടയ്ക്ക് ടൊവിനോ സിഗരറ്റ് കത്തിക്കുമ്പോള്‍ ഞാന്‍ അതെടുത്ത് മാറ്റുന്നുണ്ട്. അത് ഞങ്ങള്‍ പ്ലാന്‍ ചെയ്തതാണ്. വളരെ ടൈമിംഗ് നോക്കി ചെയ്യേണ്ട രംഗമാണ്. അതില്‍ ഒരു ഇമ്പ്രൊവൈസേഷന്‍ കൊണ്ടുവരാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് ഞങ്ങള്‍ തമ്മില്‍ അത്രയും സിങ്ക് ആയതുകൊണ്ടാണ്. ഈ രംഗത്തിലൂടെ ആണ് കുറെ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത്,’ ധീരജ് കൂട്ടിച്ചേര്‍ത്തു.


Content Highlight: dheeraj denny about his moments with tovino thomas

We use cookies to give you the best possible experience. Learn more