|

അവർക്ക് ഞാൻ വലിയ പ്രതീക്ഷ കൊടുത്തത് വിനയായി, ആ പ്രതീക്ഷയ്‌ക്കൊത്ത് ഞാൻ ഉയർന്നില്ല: ധ്യാൻ ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍, ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.

പണ്ടുമുതൽ അച്ഛന് വലിയ നിർബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും തന്റെ ഇഷ്ടത്തിനാണ് അച്ഛൻ വളർത്തിയതെന്നും ധ്യാൻ പറയുന്നു. എന്നാൽ പഠിക്കുന്ന കാലത്ത് സിനിമയോടുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അച്ഛൻ തന്നെ നിരുത്സാഹപ്പെടുത്തിയെന്നും പണ്ടൊക്കെ നന്നായി പഠിച്ചിരുന്ന താൻ രക്ഷിതാക്കൾക്ക് വലിയ പ്രതീക്ഷ നൽകിയെന്നും ധ്യാൻ പറഞ്ഞു. എന്നാൽ പിന്നീട് ആ പ്രതീക്ഷ വിനയായി മാറിയെന്നും സിനിമയിൽ എത്തിയപ്പോഴും അഭിനയമായിരുന്നില്ല തന്റെ താത്പര്യമെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

‘പണ്ടുമുതൽ അച്ഛന് അത്തരം നിർബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാം ഞങ്ങളുടെ അഭിരുചിക്കനുസരിച്ച് അച്ഛൻ വിട്ടു. നല്ല ഫ്രീഡം തന്നാണ് വളർത്തിയത്. പഠിക്കുന്ന കാലത്ത് സിനിമയോടെയുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വലിയ പ്രോത്സാഹനം കിട്ടിയില്ല.

എഞ്ചിനീയറിങ് പഠനത്തേക്കാൾ എനിക്കിഷ്ടം സിനിമയായിരുന്നു. ഡിഗ്രിക്ക് ശേഷമാണ് പച്ചക്കൊടി കിട്ടിയത്. പണ്ടൊക്കെ ഞാൻ നന്നായി പഠിച്ചിരുന്നു. അങ്ങനെ രക്ഷിതാക്കൾക്ക് ഞാൻ വലിയ പ്രതീക്ഷ കൊടുത്തു. അത് വിനയായി. പിന്നീട് ഞാൻ അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല. അതിനാൽ എൻ്റെ ആഗ്രഹങ്ങൾക്കൊപ്പം കയറൂരി വിട്ടില്ല.

അഭിനയം എന്റെ മോഹമായിരുന്നില്ല. സംവിധാനമോ ഛായാഗ്രഹണമോ ആയിരുന്നു ലക്ഷ്യം. അതിനിടയിൽ ക്യാമറാമാൻ രാജീവ് മേനോന്റെ കൂടെ ഛായാഗ്രഹണം പഠിക്കാൻ ഞാൻ പോയിരുന്നു. അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചു. അഭിനയമായിരുന്നു അദ്ദേഹം എനിക്ക് നിർദേശിച്ച പണി.

സിനിമ കാണലല്ലാതെ അഭിനയ ലോകവുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഒരു നാടകത്തിൽ ടീച്ചർ എന്നെ പിടിച്ചുനിർത്തി. നടൻ ശ്രീനിവാസന്റെ മകൻ എന്നതു മാത്രമായിരുന്നു അതിനുള്ള എൻ്റെ യോഗ്യത. പക്ഷേ, അതുവരെ ഒന്നാംസ്ഥാനം നേടിയ ടീമിന് ആ വർഷം ഒന്നും കിട്ടിയില്ല,’ധ്യാൻ പറയുന്നു.

Content Highlight: Dhayan Sreenivasan About His Parents