| Sunday, 9th June 2019, 5:47 pm

ധവാന്റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ ഓസീസിനെതിരേ മികച്ച സ്‌കോറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യം രോഹിത് ശര്‍മ. ഇപ്പോള്‍ ശിഖാര്‍ ധവാന്‍. ഓപ്പണര്‍മാര്‍ മാറിമാറിത്തിളങ്ങുന്ന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. കരിയറിലെ 17-ാം സെഞ്ചുറി നേടി ധവാന്റെ കരുത്തില്‍ 37 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി.

37-ാം ഓവറിന്റെ അവസാന പന്തില്‍ ധവാന്‍ പുറത്താകുമ്പോള്‍ 42 പന്തില്‍ 40 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരറ്റത്തുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി നാലാമതായി ഇറക്കിയിട്ടുണ്ട്.

കഴിഞ്ഞമത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ മികച്ച വിജയത്തിലേക്കു നയിച്ച വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (57) ഈ മത്സരത്തിലും ഫോം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യക്കു മികച്ച തുടക്കമാണു ലഭിച്ചത്.

പാറ്റ് കമ്മിന്‍സിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പന്തുകളെ മെല്ലെ നേരിട്ടുകൊണ്ടായിരുന്നു രോഹിതും ധവാനും ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. എന്നാല്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനും ആദം സാമ്പയ്ക്കും മാര്‍ക്കസ് സ്റ്റോയിനസിനും ആ പരിഗണന ലഭിച്ചില്ല. അവരെല്ലാം ആറിനു മുകളില്‍ എക്കോണമി റേറ്റ് വഴങ്ങി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍, അഫ്ഗാനിസ്താനെ തകര്‍ത്തും വെസ്റ്റ് ഇന്‍ഡീസിനെതിരേ പൊരുതിയും ജയിച്ചാണ് ഓസ്ട്രേലിയ എത്തുന്നത്.

We use cookies to give you the best possible experience. Learn more