| Saturday, 16th December 2023, 5:08 pm

45! ക്യാപ്റ്റന്‍സി മാറ്റത്തില്‍ പ്രതികരണവുമായി ധവാലും; രോഹിത് വികാരമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മയില്‍ നിന്നും ഹര്‍ദിക് പാണ്ഡ്യയെ ഏല്‍പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ ബൗളറുമായ ധവാല്‍ കുല്‍ക്കര്‍ണി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിഷയത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ 45 എന്ന് കുറിച്ചുകൊണ്ടാണ് ധവാല്‍ കുല്‍ക്കര്‍ണി തന്റെ പ്രതികരണമറിയിച്ചത്. രോഹിത് ശര്‍മയുടെ ജേഴ്‌സി നമ്പറാണ് 45. ഈ നമ്പര്‍ മാത്രമാണ് കുല്‍ക്കര്‍ണി സ്റ്റോറിയിലൂടെ പങ്കുവെച്ചത്. വിഷയത്തില്‍ താന്‍ രോഹിത്തിനൊപ്പമാണെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് രോഹിത് ശര്‍മയുടെ അടുത്ത സുഹൃത്ത് കൂടിയായ താരത്തിന്റെ പ്രതികരണം.

കുല്‍ക്കര്‍ണിയുടെ ഈ സ്റ്റോറി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാവരും രോഹിത് ശര്‍മ ക്യാപ്റ്റനായി തുടരുന്നത് കാണാന്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം ഒരു വികാരമാണെന്നുമെല്ലാം ആരാധകര്‍ വ്യക്തമാക്കുന്നു.

മുംബൈ ഇന്ത്യന്‍സില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവും പ്രതികരിച്ചിരുന്നു. ഹാര്‍ട്ട് ബ്രോക്കണ്‍ ഇമോജി പങ്കുവെച്ചുകൊണ്ടായിരുന്നു സ്‌കൈ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് 2024 സീസണില്‍ രോഹിത് ശര്‍മക്ക് പകരം മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഹര്‍ദിക് പാണ്ഡ്യയാണെന്ന് വ്യക്തമാക്കിയത്. ടീമിന്റെ ഭാവിയെ കരുതിയാണ് ഈ തീരുമാനമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

നേരത്തെ മുംബൈ ഇന്ത്യന്‍സുമായി പിണങ്ങിപ്പിരിഞ്ഞ പാണ്ഡ്യയെ ട്രേഡിങ്ങിലൂടെ ടീമിലെത്തിച്ച മുംബൈ മാനേജ്‌മെന്റ് ഇപ്പോള്‍ താരത്തിന് മുമ്പില്‍ ക്യാപ്റ്റന്‍ സ്ഥാനവും വെച്ചുനീട്ടുകയാണ്.

ഐ.പി.എല്‍ മെഗാലേലത്തില്‍ നിലനിര്‍ത്താതിരുന്നതിന് പിന്നാലെ താരം ഗുജറാത്തുമായി കരാറിലെത്തുകയായിരുന്നു. രണ്ട് സീസണ്‍ ഗുജറാത്തിനെ നയിച്ച താരത്ത ട്രേഡിങ്ങിലൂടെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. 15 കോടി രൂപക്കായിരുന്നു ഹര്‍ദിക് മുംബൈയിലെത്തിയത്. തങ്ങളുടെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൈമാറിയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലെത്തിയാല്‍ ക്യാപ്റ്റനായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടാണ് മുംബൈ രോഹിത്തിന് പകരം ഹര്‍ദിക്കിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചത്.

ക്യാപ്റ്റനായ കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കിയ ഹര്‍ദിക് ക്യാപ്റ്റന്‍സിയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതാണ്. ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തോല്‍പിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയര്‍ത്തിയത്. രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് മുമ്പില്‍ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.

ഇപ്പോള്‍ ക്യാപ്റ്റനായി താന്‍ കളി പഠിച്ച ടീമിനെ നയിക്കാനുള്ള അവസരമാണ് ഹര്‍ദിക് പാണ്ഡ്യക്ക് ലഭിച്ചിരിക്കുന്നത്.

Content Highlight: Dhawal Kulkarni reacts to the sacking of Rohit Sharma from the captaincy of Mumbai Indians

We use cookies to give you the best possible experience. Learn more