കോഴിക്കോട്: വസ്തുതാവിരുദ്ധമായ പരസ്യം നല്‍കിയ ഉപഭോക്താക്കളെ കബളിപ്പിച്ചതിന് നിയമനടപടികള്‍ നേരിടുന്ന ധാത്രിയുള്‍പ്പെടെയുള്ള കമ്പനികള്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി രംഗത്ത്. മലയാള മനോരമ, മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രമുഖപത്രങ്ങളിലാണ് ധാത്രിയുടെ ഗുണഗണങ്ങള്‍ വിവരിക്കുന്ന വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
നേരത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി രംഗത്തെത്തിയതിന് നടപടികള്‍ നേരിടുന്ന ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ധാത്രിയ്‌ക്കെതിരായി വന്നിട്ടുള്ള വാര്‍ത്തകള്‍ ആയുര്‍വ്വേദമെന്ന പാവനമായ ചികിത്സാ ശാസ്ത്രിത്തിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നാണ് പരസ്യത്തില്‍ വിശദീകരിച്ചിട്ടുള്ളത്.
” പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങളില്‍ ഞങ്ങള്‍ കൃത്യത പുലര്‍ത്താറുണ്ട്. വാസ്തവം ഇതാണെന്നിരിക്കെ, അടുത്ത കാലത്തായി സോഷ്യല്‍ മീഡിയകളിലൂടെയും ചില തത്പര കക്ഷികളുടെ പ്രേരണയാലും കമ്പനിക്കെതിരെ തെറ്റായ പ്രചരണം നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഇത് ധാത്രിയ്‌ക്കെതിരെ മാത്രമല്ല, കേരളത്തിലെ ആയുര്‍വേദ വ്യവസായത്തിനെതിരെയും ആയുര്‍വ്വേദമെന്ന പാവനമായ ചികിത്സാ ശാസ്ത്രത്തിനെതിരെയുമാണെന്നത് വളരെ വേദനാജനകമാണ്” ധാത്രി നല്‍കിയ പരസ്യക്കുറിപ്പില്‍ വിശദീകരിക്കുന്നു.
സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി ധാത്രിയുടേതുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ ആയുര്‍വ്വേദ ഉല്പന്നങ്ങള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തതായി വാര്‍ത്ത വന്നിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത ഡ്രെഗ് കണ്‍ട്രോള്‍ വിഭാഗം എല്ലാ പത്രങ്ങള്‍ക്കും നല്‍കിയതാണ്. എന്നാല്‍ ഡൂള്‍ന്യൂസ് ഉള്‍പ്പെടെയുള്ള ചുരുക്കം ചില ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകളും തേജസ്, സിറാജ് തുടങ്ങിയ പത്രങ്ങളുമാണ് കൃത്യമായി കാര്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്ത നല്‍കിയിരുന്നത്. മുഖ്യധാരാ പത്രങ്ങളും ചാനലുകളും ഈ വാര്‍ത്ത മുക്കുകയാണുണ്ടായത്.
അന്ന് വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാകാതിരുന്ന മനോരമ, മാതൃഭൂമി പോലുള്ള പത്രങ്ങള്‍ ധാത്രിയുടെ പുതിയ പരസ്യം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാരുടെ അറിയാനുള്ള അവകാശത്തിനായി ഒത്തൊരുമിച്ച് പോരാടിയവരാണ് മാതൃഭൂമിയും മനോരമയും. എന്നാല്‍ ഇവരുടെ പരസ്യദാതാക്കള്‍ക്കെതിരായ വാര്‍ത്തകള്‍ വായനക്കാരുടെ അവകാശത്തില്‍പ്പെടുന്നല്ലെന്ന വിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വ്യാജപരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനേക്കാള്‍ വലിയ സാമൂഹ്യവിപത്താണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ ജനവിരുദ്ധനിലപാട്. സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം കൈനീട്ടി വാങ്ങുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ജനോപകാരപ്രദമായ ഇത്തരം പത്രക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ മുക്കാറാണ് പതിവ്.