കൊടകര കുഴല്‍പ്പണക്കേസ്: കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍
Kerala News
കൊടകര കുഴല്‍പ്പണക്കേസ്: കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th June 2021, 6:25 pm

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ കവര്‍ച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ദില്ലിയില്‍ ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു.

ദില്ലിയില്‍ തന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുകയായിരുന്ന പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നും അത് തിരികെ നല്‍കണമെന്നുമാണ് ധര്‍മ്മരാജന്‍ കോടതിയെ അറിയിച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.

അതിനിടെ കൊടകര കുഴല്‍പ്പണ കേസിലെ 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുകയാണ്. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്.

ഷിഗില്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനമായത്. പ്രതിയെ പിടികൂടാന്‍ അന്വേഷണ സംഘം കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം ധര്‍മ്മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനുമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മരാജന്‍ ഇവരെയെല്ലാം വിളിച്ചതായും പൊലീസ് പറയുന്നു.

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകനിലേക്കും നീങ്ങിയിട്ടുണ്ട്. കേസിലെ പ്രതിയായ ധര്‍മ്മരാജനെ സുരേന്ദ്രന്റെ മകന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നു പൊലീസ് പറഞ്ഞു.

എന്നാല്‍ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണു ബി.ജെ.പി. നേതാക്കളുടെ വാദം. കേസില്‍ വാദിയായ ധര്‍മ്മരാജനെ പ്രതിയാക്കുകയാണെന്നാണു നേതാക്കള്‍ ആവര്‍ത്തിക്കുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Dharmarajan Produces Documents On  One Crore Rupees