| Saturday, 16th February 2013, 11:27 am

സൂര്യനെല്ലി: ധര്‍മ്മരാജന്‍ റിമാന്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സൂര്യനെല്ലി കേസിലെ മൂന്നാംപ്രതി ധര്‍മ്മരാജനെ റിമാന്‍ഡ് ചെയ്തു. കോട്ടയത്തെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് ചെയ്തത്.[]

ഇദ്ദേഹത്തെ കോട്ടയം സബ്ജയിലിലേക്ക് കൊണ്ടുപോയി. പോലീസ് മര്‍ദിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ധര്‍മ്മരാജന്റെ മറുപടി.

രാവിലെ 11 ഓടെയാണ് ധര്‍മ്മരാജനെ കോടതിയില്‍ എത്തിച്ചത്. കര്‍ണാടകയില്‍ നിന്നും കോട്ടയത്തേക്ക് വരുന്ന വഴി മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോലീസ് ധര്‍മ്മരാജന് വൈദ്യപരിശോധന നടത്തി.

ഇയാളെ കാണാനായി കോടതി പരിസരത്ത് നിരവധി ആളുകള്‍ എത്തിയിരുന്നു.

കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ഇദ്ദേഹത്തെ പോലീസ് ഇന്നലെ പിടികൂടിയത്. കോട്ടയത്ത് നിന്നുള്ള പ്രത്യേക സംഘമാണ് ധര്‍മ്മരാജനെ അറസ്റ്റ് ചെയ്തത്.

ധര്‍മരാജന്‍ കീഴടങ്ങുകയായിരുന്നില്ലെന്നും അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.

ധര്‍മ്മരാജനെതിരെ ജാമ്യമില്ലാ വാറണ്ട് കോട്ടയത്തെ പ്രത്യേക കോടതി പുറപ്പെടുവിച്ചതിന് പിറകെയായിരുന്നു അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പൊന്‍കുന്നം സി.ഐ. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പുലര്‍ച്ചെ മൈസൂരില്‍ എത്തി. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചാണ് ധര്‍മ്മരാജനെ പിന്തുടര്‍ന്നത്. ധര്‍മ്മരാജന് പുറകെ എല്ലാ സ്ഥലത്തും പൊലീസ് സംഘം എത്തിയെങ്കിലും ധര്‍മ്മരാജന്‍ മുങ്ങുകയായിരുന്നു.

കേരളത്തിലെയും കര്‍ണാടകത്തിലെയും സൈബര്‍ സെല്‍ സഹായത്തോടെയായിരുന്നു പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ അന്വേഷിച്ചത്.  ഏതാനും ദിവസം മുന്‍പ് മൈസൂരിലെത്തി മാതൃഭൂമി ചാനലില്‍ പ്രത്യക്ഷപ്പെട്ട ധര്‍മ്മരാജന്‍ പിന്നീട് കര്‍ണാടകത്തിലേക്ക് തന്നെ തിരിക്കുകയായിരുന്നെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ധര്‍മ്മരാജന്റെ കുടകിലെ കാപ്പിത്തോട്ടം കേന്ദ്രീകരിച്ചും ധര്‍മ്മരാജന്റെ ഫോണ്‍ ചോര്‍ത്തിയതില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് ബൈലക്കൂപ്പയിലുമായിരുന്നു ഇന്നലെ പോലീസ് അന്വേഷണസംഘം.

അതിനിടെ ധര്‍മ്മരാജന്‍ കോട്ടയത്ത് കോടതിയില്‍ കീഴടങ്ങുമെന്ന പ്രചാരണം ഇന്നലെയും ശക്തമായിരുന്നു.

സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന് വ്യക്തമായ പങ്കുണ്ടെന്ന് ധര്‍മ്മരാജന്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ വെളിപ്പെടുത്തിയിരുന്നു.

സംഭവം നടക്കുന്ന അന്ന് തന്റെ അംബാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയതെന്നും ഫെബ്രുവരി 19 നാണ് കുര്യന്‍ ഗസ്റ്റ് ഹൗസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കുര്യന്റെ പേര് കേസിലെ അന്വേഷണ ഉദ്ദ്യോഗസ്ഥനായ സിബി മാത്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കുര്യന്റെ പേര് പറയരുതെന്ന്  സിബി മാത്യൂസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. സുകുമാരന്‍ നായരുടേത് കള്ളമൊഴിയാണ്.  കേസില്‍ കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. ഇത് എന്താണെന്ന് അറിയില്ലെന്നും ധര്‍മ്മരാജന്‍ പറഞ്ഞിരുന്നു.

സൂര്യനെല്ലി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന ധര്‍മരാജന്‍ പരോളില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കഴിഞ്ഞ 7 വര്‍ഷമായി ധര്‍മരാജനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

We use cookies to give you the best possible experience. Learn more