താന്‍ സിനിമയില്‍ നിന്നും മനപ്പൂര്‍വം ഗ്യാപ്പെടുത്തതല്ലെന്നും ആരും അഭിനയിക്കാനായി വിളിക്കാത്തതാണെന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. താന്‍ ചാന്‍സ് ചോദിക്കാറില്ലെന്നും അതും ഒരു കാരണമായിരിക്കാം എന്നും ധര്‍മജന്‍ പറഞ്ഞു. ഇപ്പോള്‍ സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും നമ്മളില്ലെങ്കിലും പെട്ടെന്ന് പകരം ആളെ കിട്ടുമെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു.
സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തതാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല, തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് തോന്നുന്നതെന്നാണ് ധര്‍മജന്‍ പറഞ്ഞത്.
‘ഒന്നാമത്തെ കാര്യം കൊറോണയുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. പിന്നെ സിനിമക്ക് വേണ്ടി ആരേയും വിളിക്കാറില്ല. അങ്ങനെയൊരു ചോദിക്കലൊന്നും എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. എന്റെ ജീവിതത്തില്‍ ഇതുവരെ ആരേയും വിളിച്ച് ചാന്‍സ് ചോദിച്ചിട്ടില്ല, അതും കൂടിയാവാം. എങ്ങനെയാണ് ചാന്‍സ് കിട്ടാതാവുന്നതെന്ന് അറിയില്ല.
ഭയങ്കരമായി ആവശ്യമുണ്ടെന്ന് തോന്നിയാലേ ആ സിനിമക്ക് വിളിക്കുകയുള്ളൂ. അത്രക്ക് വലിയ ആവശ്യക്കാരനല്ല ഞാന്‍. പകരക്കാര്‍ ഇഷ്ടം പോലെയുള്ള മേഖലയായി സിനിമ മാറിയല്ലോ. പണ്ട് അങ്ങനെ ആയിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. അതില്‍ എനിക്കൊരു പരാതിയുമില്ല. ഇതൊക്കെ ബോണസാണ്.
ഞാന്‍ ഒരു നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന്, മിമിക്രി തുടങ്ങി, കാസറ്റ്, സ്‌ക്രിപ്റ്റ് എഴുത്ത്, ഷോ എഴുത്ത്, ടി.വി. അങ്ങനെ പടിപടിയായാണ് വന്നത്. പെട്ടെന്ന് വന്ന് പൊട്ടിമുളച്ച ആളല്ല.
ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല, ചോദിക്കണമെന്നുണ്ട്. ഇനി ഞാന്‍ ചോദിക്കും. ഇപ്പോഴും ചാന്‍സ് ചോദിക്കുമെന്ന് ജയസൂര്യയൊക്കെ പറയാറുണ്ട്. ചാന്‍സ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമായിരിക്കും. ചാന്‍സ് ചോദിക്കണമെന്ന് വിചാരിച്ച രണ്ടുമൂന്ന് സംവിധായകന്മാരുണ്ട്. സത്യന്‍ അന്തിക്കാട്, ലാല്‍ജോസ്, സിദ്ദീഖ് സാര്‍ ഇവരോടൊക്കെ ചാന്‍സ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്,’ ധര്‍മജന്‍ പറഞ്ഞു.
Content Highlight: dharmajan talks about the break in his career