Kerala
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍; കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 28, 04:58 am
Thursday, 28th January 2021, 10:28 am

കോഴിക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നും ധര്‍മ്മജന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

‘ഞാന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്’, ധര്‍മ്മജന്‍ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധര്‍മ്മജനെ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. മറ്റ് ചില സീറ്റുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

നിലവില്‍ മുസ്‌ലിം ലീഗാണ് ബാലുശ്ശേരിയില്‍ മല്‍സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഏറ്റെടുത്ത് ധര്‍മ്മജനെ മല്‍സരിപ്പിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് മണ്ഡലമാണ് ബാലുശ്ശേരി.

കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ പുരുഷന്‍ കടലുണ്ടി 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dharmajan Bolgatty to be a Congress Candidate on assembly election